കൊച്ചി: ആരോഗ്യസംബന്ധമായ ഏത് മുന്നറിയിപ്പും അക്ഷരംപ്രതി അനുസരിക്കുന്നവരാണ് മലയാളികളെന്ന പൊതുധാരണ പോളിംഗ് ബൂത്തിൽ പൊളിച്ചടുക്കി. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പും തിരഞ്ഞെടുപ്പ് കമ്മിഷനും നൽകിയ ജാഗ്രതാ നിർദേശങ്ങൾ പാടേ ലംഘിച്ചാണ് പലരും അനുസരണക്കേട് കാട്ടിയത്. ബൂത്തിന് മുമ്പിൽ ഗ്യാപ്പിട്ട് വരിനിൽക്കണമെന്ന നിർദ്ദേശം അതിരാവിലെ തന്നെ തകിടംമറിച്ചു.
സ്ത്രീകളുടെ നിരയിലാണ് നിയമലംഘനം കൂടുതൽ പ്രകടമായത്. തട്ടിയും മുട്ടിയും കുശലം പറഞ്ഞുമാണ് പലരും വരി ന്നത്. കുട്ടികളെ ഒരുകാരണവശാലും ബൂത്തിൽ കൊണ്ടുവരരുതെന്നായിരുന്നു ഗൗരവമേറിയ മറ്റൊരു നിർദേശം. കൈക്കുഞ്ഞുങ്ങളുമായി വന്നാണ് ചില മാതാപിതാക്കൾ ആരോഗ്യവകുപ്പിന്റെ നിർദേശം ലംഘിച്ചത്. സമ്മതിദായകർ സ്വന്തമായി പേന കരുതണമെന്ന മുന്നറിയിപ്പും നിസാരവത്കരിച്ചു. ഒപ്പിടാനും വോട്ടിംഗ് മെഷിനിൽ കൈവിരൽ അമർത്തുന്നതിന് പകരമായി ഉപയോഗിക്കാനുമാണ് പേന കരുതണമെന്ന് പറഞ്ഞത്. കൈയും വീശിവന്നവർ വോട്ടു ചെയ്തിറങ്ങിയവരോട് പേന ചോദിച്ചുവാങ്ങുന്നതും കണ്ടു. എളങ്കുന്നപ്പുഴ പഞ്ചായത്ത് നാലാം വാർഡിലെ ബൂത്തിൽ പേനകൊണ്ട് മെഷീനിൽ കുത്തി വോട്ടുചെയ്യരുതെന്ന പ്രത്യേക നിർദേശവുമുണ്ടായിരുന്നു. അങ്ങനെ വോട്ടെടുപ്പിന്റെ ആവേശത്തിൽ കൊവിഡ് പ്രോട്ടോക്കോളും പാടേ മറന്നു. ആവേശത്തോടെ ചെയ്തുകൂട്ടിയ വോട്ടിന്റെ കണക്ക് 16ന് അറിയാമെങ്കിലും മുന്നറിയിപ്പുകൾ അഗണിച്ചതിന്റെ ഫലമെന്താകുമെന്ന് അറിയാൻ കുറേക്കൂടി ദിവസമെടുക്കും.
എളങ്കുന്നപ്പുഴ പഞ്ചായത്തിലെ രണ്ട് ബൂത്തുകൾ പരിസ്ഥിതി സൗഹൃദമാക്കുന്ന കാര്യത്തിൽ അധികൃതർ പുലർത്തിയ ജാഗ്രത സാമൂഹിക അകാലം പാലിക്കുന്നതിൽ പ്രകടിപ്പിച്ചില്ല. പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബൂത്തുകളാണ് കടലാസിന് പകരം ചേമ്പിലയും തെങ്ങോലയും തഴപ്പായയുമൊക്കെ ഉപയോഗിച്ച് ഹരിതബൂത്താക്കിയത്.