കിഴക്കമ്പലം: ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് സ്കൂൾ, കുമ്മനോട് മദ്രസ ബൂത്തുകളിൽ വോട്ടു ചെയ്യാനെത്തിയ ട്വന്റി20 പ്രവർത്തകരുമായി വാക്കേറ്റം, മേഖല രാവിലെ മുതൽ മണിക്കൂറുകളോളം സംഘർഷാവസ്ഥയിലാക്കി.
കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ വോട്ടു ചെയ്യാനായെത്തിയത് മറ്റു മുന്നണിയിൽ പെട്ടവർ തടഞ്ഞതോടെയാണിത്. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നല്കിയ താല്ക്കാലിക തിരഞ്ഞെടുപ്പ് കാർഡുമായാണ് ഇവരെത്തിയത്. എന്നാൽ മറ്റു ജില്ലകളിൽ നിന്നുമെത്തി ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ഇവരെ അനധികൃതമായി വോട്ടർ പട്ടികയിൽ ചേർത്തതാണെന്ന പരാതിയായിരുന്നു മുന്നണികൾക്ക്. ഇവരെ വോട്ടു ചെയ്യിപ്പിക്കരുതെന്നാവശ്യപ്പെട്ട തുടങ്ങിയ ബഹളം രണ്ടു ബൂത്തുകൾക്കു മുന്നിലും മണിക്കൂറുകളോളം സംഘർഷാവസ്ഥയുണ്ടാക്കി.
പെരുമ്പാവൂർ ഡിവൈ.എസ്.പി കെ.ബിജുമോൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.റാഫി, കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാക്കിയത്. റിട്ടേണിംഗ് ഓഫീസറും സ്ഥലത്തെത്തി. താല്ക്കാലിക തിരിച്ചറിയൽ കാർഡ് മാത്രമായെത്തുന്നവരെ വോട്ടു ചെയ്യിക്കില്ലെന്നറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച എട്ടു തിരിച്ചറിയൽ രേഖകളിൽ ഒന്ന് കൈവശമുള്ളവർക്കും, വോട്ടർ പട്ടികയിലെ പേരും മേൽവിലാസവും തിരിച്ചറിയൽ രേഖയിൽ ഒരു പോലെയുള്ളവർക്കും വോട്ടിംഗ് അനുവദിക്കാമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചതോടെ തല്ക്കാലം പ്രശ്നങ്ങൾ ശമിച്ചു.
രാവിലെ വോട്ടു ചെയ്യാതെ മടങ്ങിയവർ ഉച്ചയ്ക്ക് രണ്ടരയോടെ കുമ്മനോട് മദ്രസ ബൂത്തിൽ വോട്ടു ചെയ്യെനെത്തിയത് തടയുമെന്നറിയിച്ച് മുന്നണി പ്രവർത്തകർ സംഘടിച്ചതോടെ വീണ്ടും സംഘർഷാവസ്ഥ രൂപപ്പെട്ടു. ട്വന്റി20 പ്രവർത്തകർക്കനുകൂലമായി സംരക്ഷണം നല്കാൻ ഹൈക്കോടതി ഉത്തരവുണ്ടെന്നറിയിച്ച് പൊലീസ് രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമായി. ഒടുവിൽ നേതാക്കളായ ബാബു സെയ്താലി. ജേക്കബ്.സി മാത്യു എന്നിവർ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി ഉച്ചയ്ക്ക് ശേഷം വന്ന വോട്ടുകൾ ചലഞ്ചിംഗ് വോട്ടായി ചെയ്യാപ്പിക്കുമെന്ന ഉറപ്പിൽ പ്രവർത്തകർ പിൻവാങ്ങി. പൊലീസ് സംരക്ഷണയോടെ ട്വന്റി20 പ്രവർത്തകരെത്തി വോട്ടു ചെയ്ത് മടങ്ങി.
രാവിലെ ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു.എം ജേക്കബ് കുമ്മനോട് മദ്രസ്സ ബൂത്തിലെത്തിയപ്പോൾ ഒരു വിഭാഗം തടയാൻ ശ്രമിച്ചതും പൊലീസ് ഇടപെട്ടാണ് തീർപ്പാക്കിയത്.