കൊച്ചി: കലൂർ പൊറ്റക്കുഴിയിലെ ബൂത്തിൽ ഉറ്റ ചങ്ങാതിയെ കണ്ടപ്പോൾ ബൂത്ത് ഏജന്റ് ഓടിവന്നു. വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയപ്പോഴേക്കും പൊലീസുകാരൻ അടുത്തെത്തി. അവിടെ നിൽക്കാൻ പാടില്ലെന്ന് കർശനമായി വിലക്കി. സുഹൃത്തിനെ ബൂത്ത് കാട്ടിക്കൊടുത്ത് ഏജന്റ് ഉടൻ സ്ഥലം കാലിയാക്കി.

വോട്ടെടുപ്പ് ദിനത്തിലെ സൗഹൃദം പുതുക്കലിനും കൊവിഡ് വിലങ്ങുതടിയായി. പതിവ് കുശലാന്വേഷണങ്ങളോ പൊട്ടിച്ചിരികളോ കൂട്ടംചേരലുകളോ ഒരിടത്തും കാണാൻ കഴിഞ്ഞില്ല.

മാസ്ക് ധരിച്ചതിനാൽ പരിചയക്കാരെ തിരിച്ചറിയാൻ പലരും ബുദ്ധിമുട്ടി. കാലങ്ങൾക്കുശേഷം കണ്ടുമുട്ടിയവർ ഹസ്തദാനത്തിനും ആലിംഗനത്തിനും പകരം പുഞ്ചിരിയിൽ സൗഹൃദം ഒതുക്കി. സാമൂഹ്യാകലം പാലിച്ച് വോട്ടുചെയ്തശേഷം വീട്ടിലേക്ക് മടങ്ങാനുള്ള തിടുക്കമായിരുന്നു എല്ലാവർക്കും.

# റോബോട്ടിനെ മാറ്റി

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ ബൂത്തിൽ വോട്ടർമാരുടെ ചൂട് പരിശോധിക്കാനും സാനിറ്റൈസർ നൽകാനുമായി സ്ഥാപിച്ച റോബോട്ടിനെ ഉച്ചയോടെ മാറ്റി. സമയം കൂടുതലെടുക്കുന്നെന്ന പരാതിയെ തുടർന്നാണ് മാറ്റിയത്. 1,650 വോട്ടർമാരുള്ള ബൂത്തിൽ ഉച്ചയ്ക്ക് രണ്ടിനകം 850 പേർ വോട്ടു ചെയ്തു. ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥമൂലം വാർഡിലെ അഞ്ചു കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും പരാതി ഉയർന്നു.

# ഉച്ചയോടെ ബൂത്തുകൾ ഒഴിഞ്ഞു

ഇരുമ്പനം എസ്.എൻ.ഡി.പി സ്കൂളിലെ ബൂത്ത് ഉച്ചകഴിഞ്ഞതോടെ ആളൊഴിഞ്ഞ ഉത്സവപ്പറമ്പു പോലെയായി. തൃപ്പൂണിത്തുറ നഗരസഭയുടെ 11ാം വാർഡിലേക്കുള്ള വോട്ടെടുപ്പാണ് ഇവിടെ നടന്നത്. 819 വോട്ടർമാരിൽ 600 വോട്ടർമാരും മൂന്നുമണിയോടെ വോട്ടവകാശം വിനിയോഗിച്ചു. രാവിലെ പത്തുവരെ ഇവിടെ വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു.

# വോട്ടുചെയ്യാൻ മക്കൾക്കൊപ്പം

കൈക്കുഞ്ഞിനെയും കൊണ്ടാണ് സൗമ്യ - സന്ദീപ് ദമ്പതികൾ ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിലെ ബൂത്തിലെത്തിയത്. അഞ്ചു വയസുകാരനായ മൂത്തമകനും ഒപ്പമുണ്ടായിരുന്നു. നടക്കാവ് സ്വദേശികളായ ഇവർ ചേർത്തല പാണാവള്ളിയിലാണ് താമസം. വോട്ട് പാഴാക്കരുതെന്ന് നിർബന്ധമുള്ളതിനാൽ ബൈക്കിലാണ് കുടുംബം എത്തിയത്. ദമ്പതികൾക്ക് പെട്ടെന്ന് വോട്ടുചെയ്ത് മടങ്ങാൻ അധികൃതർ സൗകര്യം നൽകി. 2,000 വോട്ടുകളിൽ 65 ശതമാനവും ഉച്ചയോടെ രേഖപ്പെടുത്തി.