
കൊച്ചി: ആറാം നിലയിലെ ബാൽക്കണിയിൽ നിന്ന് സാരികൾ കൂട്ടിക്കെട്ടി താഴേക്കിറങ്ങാൻ ശ്രമിച്ച വേലക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഫ്ളാറ്റുടമയും ഹൈക്കോടതി അഭിഭാഷകനുമായ ഇംതിയാസിനെതിരെ പൊലീസ് കേസെടുത്തു. അന്യായമായി തടങ്കലിൽ പാർപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പാണിത്.
തമിഴ്‌നാട് സ്വദേശി കുമാരിക്കാണ് (55) സാഹസികമായി താഴെയിറങ്ങാൻ ശ്രമിക്കുന്നതിനിടെ നിലത്തു വീണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലായതിനാൽ പൊലീസിന് മൊഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഭർത്താവ് ജയപ്രകാശിനെ കൊച്ചിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. തലേന്ന് രാത്രി വിളിച്ചപ്പോൾ വീട്ടുകാർ നാട്ടിലേക്ക് പോകാൻ സമ്മതിക്കുന്നില്ലെന്നും മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും കുമാരി പറഞ്ഞതായി ഭർത്താവ് മൊഴി നൽകി. വിശദമായ അന്വേഷണത്തിന് ശേഷം ഇംതിയാസിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുന്നത് തീരുമാനിക്കുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ എസ്. വിജയശങ്കർ കേരളകൗമുദിയോട് പറഞ്ഞു. കുമാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
എറണാകുളം മറൈൻ ഡ്രൈവിലുള്ള ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ കഴിഞ്ഞ അഞ്ചിന് രാവിലെ ഏഴോടെയാണ് സംഭവം. അഡ്വ. ഇംതിയാസ് ഫ്ളാറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ്.