ആലുവ: ആലുവ മേഖലയിൽ നിരവധി സ്ഥലത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പണിമുടക്കിയത് വോട്ടർമാരെ വലച്ചു. ആലുവ നഗരസഭയിൽ 21 -ാം വാർഡിൽ രണ്ട് മണിക്കൂറോളം വോട്ടെടുപ്പ് നിലച്ചു. നിരവധി പേർ വോട്ട് ചെയ്യാനാകാതെ മടങ്ങി. 3.15ന് യന്ത്രം തകരാറിലായതിനെ തുടർന്ന് മറ്റൊരു യന്ത്രമെത്തിച്ചെങ്കിലും ഇതും പ്രവർത്തിച്ചില്ല. അഞ്ചുമണിക്ക് ശേഷം മറ്റൊരു മെഷീൻ എത്തിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. നഗരസഭയിൽ ബി.ജെ.പിയുടെ ഏക സിറ്രിംഗ് സീറ്റായതിനാൽ അട്ടിമറി ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലും യന്ത്രം പണിമുടക്കി. കീഴ്മാട് ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡിലെ ഭാഗം ഒന്നിൽ യന്ത്രത്തകരാർ മൂലം ഒരു മണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ടെക്നീഷ്യന്മാരെത്തി ശരിയുക്കക വോട്ടെടുപ്പ് എട്ട് മണിയോടെ ആരംഭിച്ചെങ്കിലും യന്ത്രം വീണ്ടും പണിമുടക്കി. പലപ്പോഴും യന്ത്രത്തിൽ വോട്ട് ചെയ്തിട്ടും ലൈറ്റ് തെളിയാത്ത സാഹചര്യമുണ്ടായി. അതിനാൽ പലരുടെയും വോട്ട് കൃത്യമായി രേഖപ്പെടുത്തിയോയെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.എ. മെഹബൂബ് പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി.

ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിൽ ബൂത്ത് രണ്ടിൽ വോട്ടിംഗ് യന്ത്രം ബന്ധിപ്പിച്ചതിലെ അപാകതയെ തുടർന്ന് അരമണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെട്ടു. എട്ടാം വാർഡിൽ യന്ത്രത്തിൽ നിന്നും വോട്ട് രേഖപ്പെടുത്തുമ്പോൾ ശബ്ദം വരാത്തതും അൽപ്പനേരം വോട്ടെടുപ്പ് തടസപ്പെടുത്തി.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 14, 21 വാർഡുകളിൽ യന്ത്രം തകരാറിലായി. പിന്നീട് പരിഹരിച്ചു. 13-ാം വാർഡിൽ തമിഴ്‌നാട് സ്വദേശികളെ സംഘമായെത്തിച്ച് വോട്ടുചെയ്യാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് വഴിവെച്ചു. ചെങ്ങമനാട് പഞ്ചായത്തിലെ കപ്രശേരി അങ്കണവാടിലും വോട്ടിംഗ് യന്ത്രം പണിമുടക്കി. പിന്നീട് തകരാർ പരിഹരിച്ചു.