 
പെരുമ്പാവൂർ: പെരുമ്പാവൂർ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് സമാധാനപരം. തുടക്കത്തിൽ വൻതിരക്ക് അനുഭവപ്പെട്ടെങ്കിലും പത്ത് മണിക്ക് ശേഷം മന്ദഗതിയിലായി. എന്നാൽ വൈകിട്ട് മൂന്ന് മണിയോടെ വീണ്ടും ബൂത്തുകളിലേക്ക് വോട്ടർമാർ കൂട്ടത്തോടെ എത്തി.
മുടക്കുഴ പഞ്ചായത്തിൽ 13ാം വാർഡിൽ ഇളമ്പകപ്പിള്ളി ബൂത്തിൽ മെഷീൻ തകരാറിലായി. ഒരു മണിക്കൂർ പിന്നിട്ടിട്ടും മെഷിൻ എത്താത്തതിനെത്തുടർന്ന് രാവിലെ എത്തിയ വോട്ടർമാർ മടങ്ങിപ്പോയി.
ഒക്കൽ പഞ്ചായത്തിൽ 9ാം വാർഡിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ യന്ത്രം കേടായി. രാവിലെ ഒരു മണിക്കൂർ വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. നഗരസഭാ 15ാം വാർഡിൽ യന്ത്രം തകരാറിലായതിനാൽ പോളിംഗ് അര മണിക്കൂർ വൈകി.
വെങ്ങോലപഞ്ചായത്തിലെ 20ാം വാർഡിൽ ബൂത്ത് രണ്ടിൽ വോട്ട് ചെയ്തവരുടെ എണ്ണവും സ്ലിപ്പിന്റെ എണ്ണവും ഒരേ പോലെ അല്ലാത്തതിനെത്തുടർന്ന് പത്ത് മിനിട്ടോളം വോട്ടിംഗ് നിർത്തി വച്ചു. ഉദ്യോഗസ്ഥർ എൻട്രി ചെയ്യാൻ മറന്നതാണ് പ്രശ്നമായത്.
27ാം വാർഡിലെ ബൂത്തിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പൊലീസ് എത്തിയാണ് ഇവരെ ശാന്തമാക്കിയത്.