പറവൂർ: പോളിംഗിനിടെ പലയിടത്തും യന്ത്രം തകരാറിലായി. കിഴക്കേപ്രം ഗവ. യു.പി സ്കൂളിൽ നഗരസഭ പതിനാറാം വാർഡിലെ ബൂത്തിൽ മോക്ക് പോൾ ചെയ്തപ്പോൾ ഒരു സ്ഥാനാർഥിക്ക് ചെയ്ത വോട്ടുകളിൽ ചിലത് എതിർ സ്ഥാനാർഥിക്കാണ് ലഭിച്ചത്. പിന്നീട് മെഷീൻമാറ്റി മുക്കാൽമണിക്കൂർ വൈകിയാണ് പോളിംഗ് ആരംഭിച്ചത്. ഏഴിക്കര പഞ്ചായത്ത് മൂന്നാംവാർഡിലെ ഒന്നാംബൂത്തിൽ രണ്ടുതവണ മെഷീൻ പണിമുടക്കി. പത്താംവാർഡിലെ ഒന്നാംബൂത്ത് പുളിങ്ങനാട് 94-ാം നമ്പർ അങ്കണവാടി, ഏഴാംവാർഡിലെ രണ്ടാംബൂത്ത് ഗവ. ഹയർസെക്കൻഡറി സ്കൂൾ, പന്ത്രണ്ടാം വാർഡിലെ ഒന്നാംബൂത്ത് ഗവ. എൽ.പി.എസ് എന്നിവിടങ്ങളിൽ യന്ത്രം പണിമുടക്കി. ചിറ്റാറ്റുകര പഞ്ചായത്ത് മൂന്നാംവാർഡിലെ ഒന്നാംബൂത്തിൽ പോൾ ചെയ്തതിനേക്കാൾ ഒരുവോട്ട് കുറവാണ് മെഷീനിൽ കാണിച്ചത്. എട്ടാംവാർഡിലെ ഒന്നാംബൂത്തിൽ 240 വോട്ടുകൾ പോൾ ചെയ്തശേഷം മെഷീൻ തകരാറിലായി. വടക്കേക്കരയിൽ കുഞ്ഞിത്തൈ പതിനേഴാം വാർഡിൽ രണ്ടാംനമ്പർ ബൂത്തിലും യന്ത്രം രണ്ടുതവണ പണിമുടക്കി. ചിറ്റാറ്റുകര പഞ്ചായത്ത് പതിനെട്ടാം വാർഡിലെ രണ്ടാംനമ്പർ ബൂത്തായ പട്ടണം സെൻട്രൽ അന്ത്യോപചാര സഹായസംഘത്തിലെ യന്ത്രം കേടായതിനെ തുടർന്ന് വോട്ടിംഗ് അരമണിക്കൂർ തടസപ്പെട്ടു. നീറിക്കോട് മൂന്നാം വാർഡിൽ കൊടുവഴങ്ങ എസ്.എൻ ലൈബ്രറി ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. ഒരു മണിക്കൂറോളം തടസപ്പെട്ടത്തിനാൽ എട്ടുമണിയോടെയാണ് വോട്ടിംഗ് ആരംഭിച്ചത്.