പറവൂർ: കൊവിഡ് പോസിറ്റീവായ ഭർത്താവും ക്വാറന്റെയിനിലായ ഭാര്യയും വോട്ട് ചെയ്യാനായില്ല. വോട്ടെടുപ്പ് അവസാനിക്കും മുമ്പ് ഇവർ ബൂത്തിലെത്തിയിരുന്നു. ചിറ്റാറ്റുകര പന്ത്രണ്ടാം വാർഡ് നീണ്ടൂരിലെ ഒന്നാംനമ്പർ ബൂത്തിലാണ് സംഭവം. ബൂത്തിലെത്തിയപ്പോൾ കൊവിഡ് പോസിറ്റീവുകാരാണെന്ന് ബി.ജെ പി.യുടെ ബൂത്ത് ഏജന്റ് പറഞ്ഞു. എൽ.ഡി.എഫ് ഏജന്റ് നെഗറ്റീവാണെന്ന് വാദിച്ചു. പ്രിസൈഡിംഗ് ഓഫീസർ ചോദിച്ചപ്പോൾ ഭർത്താവ് പോസിറ്റീവും ഭാര്യ ക്വാറന്റെയിനിലുമാണെന്ന് ഇരുവരും പറഞ്ഞു. എങ്കിൽ വോട്ട് ചെയ്യാൻ പി.പി.കിറ്റ് വേണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പി.പി.ഇ.കിറ്റ് ലഭ്യമല്ലാത്തതിനാൽ ഇവർ വോട്ട് ചെയ്യാതെ തിരിച്ചുപോയി.