കോലഞ്ചേരി: ജില്ലയിലെ ഏറ്റവും കുറച്ച് വോട്ടർമാരുള്ള പുത്തൻകുരിശ് പഞ്ചായത്തിലെ വരിക്കോലി പത്താം വാർഡിലെ രണ്ടാം ബൂത്തായ സാൽവേഷൻ ആർമി കമ്മ്യൂണി​റ്റി ഹാൾ ബൂത്തിൽ ആകെയുള്ള 17 വോട്ടർമാരിൽ 11 പേർ വോട്ടു ചെയ്തു. സാൽവേഷൻ ആർമിയുടെ കീഴിലുള്ള കുഷ്ഠ രോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ഇവിടെ അന്തേവാസികൾക്കും, ജീവനക്കാർക്കും വേണ്ടി തയ്യാറാക്കിയ ബൂത്താണിത്. സാൽവേഷൻ ആർമിയുടെ ജീവനക്കാരാണ് തിരഞ്ഞെടുപ്പ് നിയന്ത്റിച്ചത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ കാലം മുതൽ ഇവിടെ പ്രവർത്തിക്കുന്ന കുഷ്ഠ രോഗാശുപത്രിയിലെ അന്തേവാസികൾക്ക് വോട്ടു ചെയ്യാൻ ബൂത്തുണ്ട്. 1934 ലാണ് സാൽവേഷൻ ആർമി ഇവിടെ പ്രവർത്തനം ആരംഭിക്കുന്നത്. തുടക്ക കാലത്ത് 300 350 വോട്ടർമാർ വരെയുണ്ടായിരുന്നു. കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിൽ 20 പേർ വോട്ട് ചെയ്തിരുന്നു.