തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ രാവിലെ മുതൽ തന്നെ പോളിംഗ് ബൂത്തുകളിൽ വലിയ തിരക്കനുഭവപ്പെട്ടു. സാധാരണ ഇവിടെ തീരദേശ വാർഡുകളിലെ ബൂത്തുകളിൽ ഉച്ചകഴിഞ്ഞാണ് വോട്ടർമാരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നത്. പലയിടത്തും സാമൂഹ്യഅകലം പാലിക്കുന്ന സ്ഥിതിയുണ്ടായില്ല.യാക്കോബായ സഭ തൃശൂർ ഭദ്രാസനം മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടുചെയ്തു.
ചില ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെത്തുടർന്ന് വോട്ടിംഗ് തടസപ്പെട്ടു.ഏഴാം വാർഡിലെ കൊച്ചുപള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ഒന്നാംനമ്പർ ബൂത്തിൽ രാവിലെ രണ്ടു തവണ മെഷീൻ തകരാറിലായി. ഒരു മണിക്കൂറോളം പോളിംഗ് തടസപ്പെട്ടു. ഇവിടെ 258 പേർ വോട്ടുചെയ്തശേഷമാണ് മെഷീനിൽ ബീപ്പ് ശബ്ദം കേൾക്കാതായത്. വോട്ടർമാർ പരാതി പറഞ്ഞതിനെത്തുടർന്ന് അതുവരെ പോൾ ചെയ്ത വോട്ടു നോക്കിയപ്പോൾ പത്ത് വോട്ടു കുറവുള്ളതായി കണ്ടെത്തി. പഴയ മെഷീൻ സീൽചെയ്തു മാറ്റിവച്ച് പുതിയ മെഷീൻ കൊണ്ടുവന്നാണ് പോളിംഗ് പുനരാരംഭിച്ചത്. ആറാം വാർഡിലും നീണ്ട ക്യൂ കാണാമായിരുന്നു.
15-ാം വാർഡിൽ ഒന്നാം നമ്പർ ബൂത്തിൽ രാവിലെ മെഷീൻ തകരാറിലായതിനാൽ ഇരുപതു മിനിറ്റ് പോളിംഗ് തടസപ്പെട്ടു.ഏഴാം വാർഡിലെ എൽ.എഫ് യു .പി സ്കൂളിലെ ബൂത്തിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ തർക്കം പൊലീസെത്തി ശാന്തമാക്കി.