ആലുവ: കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ അനുവദിച്ച സമയത്ത് രോഗമില്ലാത്തയാൾ വോട്ട് ചെയ്യാനെത്തിയതിനെച്ചൊല്ലി തർക്കം. ആലുവ നഗരസഭ പുളിഞ്ചോട് 22 -ാം വാർഡിലെ ജി.എസ്.ബി.വൈ. സമാജം പോളിംഗ് ബൂത്തിലാണ് ഇടത് - വലത് മുന്നണികൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായത്.
കൊവിഡ് രോഗികളായ നാലുപേർ തർക്കത്തിനൊടുവിൽ വോട്ട് ചെയ്‌തെങ്കിലും രോഗമില്ലാത്തയാൾ വോട്ട് ചെയ്യാതെ മടങ്ങി. വൈകിട്ട് അഞ്ചുമുതൽ ആറുവരെയായിരുന്നു കൊവിഡ് രോഗികൾക്കും ക്വാറന്റെയിനിൽ ഇരിക്കുന്നവർക്കും വോട്ട് ചെയ്യാനുള്ള സമയം. ഇതിനായി നാല് രോഗികൾ അഞ്ച് മണിക്ക് ആംബുലൻസിൽ പോളിംഗ് ബൂത്തിലെത്തി. കൊവിഡില്ലാത്തയാൾ എത്തുന്നുണ്ടെന്ന് അറിയിച്ചതോടെ രോഗികൾ അരമണിക്കൂറോളം കാത്തുനിന്നു. രോഗികളായ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തിയപ്പോൾ സാധാരണ വോട്ടറും എത്തിയതോടെ വാക്കുതർക്കമായി.
സാധാരണ വോട്ടർക്ക് ആദ്യം വോട്ടുചെയ്യാൻ അവസരം നൽകണമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഏജന്റ് വാദിച്ചു. എന്നാൽ കൊവിഡ് രോഗികൾക്ക് ക്ഷീണമുള്ളതിനാൽ വേഗം വീട്ടിൽ പോകണമെന്നും രോഗികൾ വോട്ട് ചെയ്തശേഷം സാധാരണ വോട്ടർക്ക് അവസരം നൽകാമെന്നും ഇടത് സ്ഥാനാർത്ഥിയുടെ ഏജന്റും പറഞ്ഞു. ഇതോടെ വാക്കുതർക്കമായി. ഒടുവിൽ വോട്ട് ചെയ്യുന്നില്ലെന്ന് അറിയിച്ച് ഡോക്ടർ കൂടിയായ സാധാരണ വോട്ടർ മടങ്ങി. കൊവിഡ് രോഗികൾ വോട്ടുചെയ്തശേഷം ആംബുലൻസിൽ വീട്ടിലേക്കുപോയി.