ആലുവ: ആലുവ നഗരസഭയിൽ 75.06 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 17,560 വോട്ടർമാരിൽ 13,185 പേർ വോട്ട് രേഖപ്പെടുത്തി. പുരുഷവോട്ടർമാരുടെ പോളിംഗ് ശതമാനം 76.32 ആണ്. സ്ത്രീ വോട്ടർമാരിൽ 73.09 ശതമാനം പേരും വോട്ടുചെയ്തു. നഗരത്തിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ.
നഗരസഭ 21 -ാം വാർഡിൽ യന്ത്രത്തകരാറിനെ തുടർന്ന് ഒരു മണിക്കൂർ വോട്ടിംഗ് മുടങ്ങിയതിനാൽ സമയം ദീർഘിപ്പിച്ച് നൽകിയിരുന്നു. എന്നിട്ടും ശരാശരിക്കും അഞ്ച് ശതമാനം കുറവാണ് ഇവിടെ പോളിംഗ് രേഖപ്പെടുത്തിയത്. വോട്ടിംഗ് സമാധാനപരമായി അവസാനിച്ചപ്പോൾ മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. ഭരണം നിലനിർത്തുമെന്ന് യു.ഡി.എഫും തിരിച്ചുപിടിക്കുമെന്ന് എൽ.ഡി.എഫും ഒരുപോലെ അവകാശപ്പെടുന്നു. എന്നാൽ ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് എൻ.ഡി.എയുടെ നിലപാട്. ആർക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നും എൻ.ഡി.എ പറയുന്നു.