polling

കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിംഗ് ശതമാനത്തിലെ കുതിപ്പ് മുന്നണികളെ ഒരേസമയം പ്രതീക്ഷയിലും ആശങ്കയിലുമാഴ്ത്തി. കൊച്ചി കോർപ്പറേഷനിൽ കഴിഞ്ഞ തവണയെക്കാൾ പോളിംഗ് കുറഞ്ഞതും ഇരുമുന്നണികളിലും നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.

ജില്ലയിലെ പോളിംഗ് ശതമാനം 77.02 ആണ്. കഴിഞ്ഞ തവണ ഇത് 73 ശതമാനമായിരുന്നു. എന്നാൽ കോർപ്പറേഷൻ ഭരണത്തിൽ ഹാട്രിക് തികക്കാൻ യു.ഡി.എഫ് ലക്ഷ്യമിടുന്ന കൊച്ചിയിൽ പോളിംഗ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 67.73 ശതമാനത്തിൽ നിന്നും 61.82 ശതമാനമായി കുറഞ്ഞത് ആശങ്കക്ക് കാരണമായിട്ടുണ്ട്.

ഇന്നലെ അഞ്ച് മണിയോടെ തന്നെ 2015 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനമായ 73 ജില്ല മറികടന്നു. ജില്ലയിൽ രാവിലെ മുതൽ ശക്തമായ പോളിംഗ് നടക്കുമ്പോഴും കൊച്ചി കോർപ്പറേഷനിൽ പോളിംഗ് മന്ദഗതിയിലായിരുന്നു. ആദ്യ മണിക്കൂറിൽ ജില്ലയിലെ പോളിംഗ് 3.58 ശതമാനമായിരുന്നു. കോർപ്പറേഷനിൽ 2.84 ശതമാനവും. ഉച്ചക്ക് ഒരു മണിയോടെ പോളിംഗ് 52.11ലെത്തിയപ്പോൾ കോർപ്പറേഷനിൽ 38.13 ശതമാനം മാത്രമായിരുന്നു. അഞ്ച് മണിക്ക് ജില്ലയിലെ പോളിംഗ് 74.22 ശതമാനമായി. അപ്പോഴും കൊച്ചി കോർപ്പറേഷൻ 58ലേ എത്തിയുള്ളൂ.

ഈ സമയത്ത് നഗരസഭകളിലും നല്ല പോളിംഗായിരുന്നു. 81.64 ശതമാനത്തോടെ മൂവാറ്റുപുഴ നഗരസഭയായിരുന്നു മുന്നിൽ. ബ്ലോക്ക് പഞ്ചായത്തുകളിൽ 81.64 ശതമാനത്തോടെ വടവുകോട് ബ്ലോക്ക് പഞ്ചായത്താണ് മുന്നിലുണ്ടായിരുന്നത്. കൊച്ചി കോർപ്പറേഷനിലെ കുറഞ്ഞ പോളിംഗ് ആരെ ബാധിക്കുമെന്ന ആശങ്കയിലാണ് മൂന്ന് മുന്നണികളും. ജില്ലയിലാകെയുണ്ടായ പോളിംഗ് വർദ്ധന തങ്ങൾക്ക് ഗുണകരമാണെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നുണ്ട്.

2015ലെ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ല പൊതുവെ യു.ഡി.എഫിനൊപ്പമാണ് നിന്നത്.

കൊച്ചി കോർപ്പറേഷൻ ഭരണം നേടിയ യു.ഡി.എഫ് ആകെയുള്ള 74ൽ 38 സീറ്റിൽ വിജയിച്ചിരുന്നു. എൽ.ഡി.എഫ് 34 ഉം ബി.ജെ.പി രണ്ട് സീറ്റുകളും നേടി. ജില്ലയിലെ 13 നഗരസഭകളിൽ 7 യു.ഡി.എഫും 5 എണ്ണം എൽ.ഡി.എഫും നേടിയപ്പോൾ മരടിൽ തുല്യ സീറ്റുകളാണ് ഇരു മുന്നണികൾക്കും ലഭിച്ചത്.

പഞ്ചായത്തുകളിൽ 82 ൽ 41 എണ്ണം നേടി യു.ഡി.എഫാണ് മുന്നിട്ടുനിന്നത്. എൽ.ഡി.എഫിന് 39 ഗ്രാമപഞ്ചായത്തുകളിലെ ഭരണമാണ് ലഭിച്ചത്. രണ്ട് എണ്ണത്തിൽ മറ്റുള്ളവരും ഭരണം പങ്കിട്ടു. ഇതിൽ കിഴക്കമ്പലം ട്വന്റി ട്വന്റിയാണ് നേടിയത്.

ജില്ല പഞ്ചായത്ത് ഭരണവും യു.ഡി.എഫിനായിരുന്നു. 16 സീറ്റ് യു.ഡി.എഫ് നേടിയപ്പോൾ എൽ.ഡി.എഫ് 10 ലും ഒന്നിൽ സ്വതന്ത്രനും വിജയിച്ചു.