 
ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ മാളേകാട് ഒന്നാം വാർഡിലെ ഹരിജൻ വെൽഫയർ സ്കൂളിലെ രണ്ടു ബൂത്തുകളിൽ പോളിംഗ് അഞ്ചുമണിക്ക് നിർത്തിയെന്ന് പരാതി. ഇതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഒന്നാം വാർഡ് സ്ഥാനാർത്ഥി അഖിൽരാജിന്റെ നേതൃത്വത്തിൽ പോളിംഗ് സ്റ്റേഷൻ ഉപരോധിച്ചു. വോട്ടുചെയ്യാൻ എത്തിയ ഇരുപത്തോളം പേരെ മടക്കി അയച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു.
ഉപരോധത്തെ തുടർന്ന് ഉദയംപേരൂർ സി.ഐ ബാലന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഡി.സി.പി. കളക്ടർക്ക് സംഭവം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു. തുടർന്നു പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. ഉദ്യോഗസ്ഥ സഹായത്തോടെ സി.പി.എം. തിരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് രാജു കുറ്റപ്പെടുത്തി. അഞ്ചുമണിക്ക് പോളിംഗ് അവസാനിപ്പിക്കാൻ നിർദേശം നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റീപോളിംഗ് ആവശ്യപ്പെട്ടു കളക്ടർക്ക് പരാതി നൽകുമെന്ന് അഖിൽരാജ് പറഞ്ഞു. സാജു പൊങ്ങാലയിൽ, നിമിൽ രാജ്, ഹണീഷ് പി.ബി, ഭാസ്കരൻ കദളിക്കാട്, രാജേന്ദ്രൻ കൊങ്ങോർപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.