പള്ളുരുത്തി: ജീവിച്ചിരിക്കുന്നവർക്ക് വോട്ടില്ലെങ്കിലും മരിച്ചവർക്ക് വോട്ടുണ്ട്. കൊച്ചിൻ കോർപ്പറേഷനിലെ പല ഡിവിഷനുകളിലും ഈ സ്ഥിതിയായിരുന്നുവെന്നാണ് പരാതി. പതിനെട്ടാം ഡിവിഷനായ കോണത്ത് 40 വോട്ടുകൾ ഇല്ലാതായി.19 ലും 20 ലും 17 ലും നിരവധി വോട്ടുകൾ ഇല്ലാതായി. എന്നാൽ വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ പലർക്കും വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ട്. ഇതിനെതിരെ പരാതി നൽകുമെന്ന് പ്രവർത്തകർ പറഞ്ഞു.

കോണം വി.വി.എൽ.പി സ്കൂൾ ബൂത്തിൽ 3 പേരും ഇടക്കൊച്ചി സെന്റ് ലോറൻസ് സ്കൂളിൽ ഒരാളും കള്ളവോട്ട് ചെയ്തതായി പരാതിയുയർന്നു. തങ്ങൾനഗർ ബൂത്തായ ഗവ.സ്ക്കൂളിൽ രാവിലെ എൽ.ഡി എഫ് സ്ഥാനാർത്ഥിക്കായി വോട്ട് പിടിച്ച മുൻ കൗൺസിലർക്കെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നത് സംഘർഷത്തിനിടയാക്കി. പൊതുവെ പശ്ചിമകൊച്ചി ശാന്തമായിരുന്നു.