കൊച്ചി: മൂന്നര പതിറ്റാണ്ടിനുശേഷം എൽ.ഡി.എഫിൽ നിന്ന് തിരിച്ചുപിടിച്ച കൊച്ചി കോർപ്പറേഷൻ ഭരണം പത്തുവർഷത്തിനുശേഷം യു.ഡി.എഫിന് നഷ്ടമായേക്കും. കോർപ്പറേഷനിലെ വോട്ടിംഗിലുണ്ടായ അഞ്ചരശതമാനം കുറവ് തിരിച്ചടിക്കുമെന്ന് യു.ഡി.എഫ് ആശങ്കപ്പെടുമ്പോൾ പശ്ചിമകൊച്ചിയിലെ ഡിവിഷനുകളിൽ വിജയിച്ച് ഭരണം പിടിക്കാമെന്ന ഉറപ്പിലാണ് എൽ.ഡി.എഫ്. കൂടുതൽ സീറ്റ് കിട്ടുമെന്ന ഉറപ്പിലാണ് എൻ.ഡി.എയും.

കൊച്ചി നഗരസഭയിൽ തുടക്കംമുതൽ തണുത്ത പ്രതികരണമാണ് വോട്ടിംഗിൽ പ്രകടമായത്. വലിയ തിരക്ക് നഗരഹൃദയഭാഗത്ത് അനുഭവപ്പെട്ടില്ല. ജില്ലയുടെ മറ്റു മേഖലകളിൽ പോളിംഗ് വർദ്ധിച്ചപ്പോഴും നഗരത്തിൽ ആവേശം പ്രകടമായില്ല. ഒടുവിലെ കണക്കുപ്രകാരം 62.01 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുൻ തിരഞ്ഞെടുപ്പിൽ 67.73 ശതമാനമായിരുന്നു.

പശ്ചിമകൊച്ചിയിലൂടെ ഭരണം തിരിച്ചുപിടിക്കാൻ കഴിയുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വിലയിരുത്തുന്നു. പശ്ചിമകൊച്ചിയിലെ നാലോ അഞ്ചോ ഒഴികെ സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്നാണ് വോട്ടെടുപ്പിന് ശേഷം എൽ.ഡി.എഫ് വിലിയിരുത്തുന്നത്. അവിടെ മികച്ച പ്രചാരണമാണ് എൽ.ഡി.എഫ് നടത്തിയത്. പശ്ചിമകൊച്ചിക്കാർ നേരിടുന്ന ജീവൽപ്രശ്നങ്ങൾ ഉന്നയിച്ച് നടത്തിയ പ്രചാരണവും യു.ഡി.എഫിലെ പടലപ്പിണക്കങ്ങളും തങ്ങളുടെ വിജയം ഉറപ്പാക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.

പശ്ചിമകൊച്ചിയിൽ തിരിച്ചടി നേരിടുമെന്ന ആശങ്ക യു.ഡി.എഫ് നേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്. ഭരണം നിലനിറുത്താൻ കഴിയുമെന്ന് ഉറപ്പിച്ചുപറയാൻ നേതാക്കൾക്ക് കഴിയുന്നില്ല. എറണാകുളം മേഖലയിലെ യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളെന്ന് പറയുന്ന ഡിവിഷനുകളിൽ വൻതോതിൽ വോട്ട് കുറഞ്ഞു. മുൻമേയർ സൗമിനി ജെയിനിന്റെ ഡിവിഷനിൽ 600 ലേറെ വോട്ടുകളാണ് ചെയ്യാത്തത്. കൊവിഡ് ആശങ്കയെന്ന് പറയുന്നെങ്കിലും മുഴുവൻ വോട്ടുകളും ഉറപ്പാക്കുന്നതിന് പ്രവർത്തനമുണ്ടായില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

ബി.ജെ.പിയും പ്രതീക്ഷയിലാണ്. കഴിഞ്ഞ കൗൺസിലിൽ രണ്ടു പേരാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. എറണാകുളത്തുൾപ്പെടെ കൂടുതൽ പേർ ജയിക്കുമെന്നാണ് വിലയിരുത്തൽ. ഏതാനും ഡിവിഷനുകളിൽ രണ്ടാം സ്ഥാനം ലഭിക്കുമെന്നുമാണ് കണക്കുകൂട്ടൽ. ബി.ഡി.ജെ.എസ് ഉൾപ്പെടെ സഖ്യകക്ഷികളുടെ പ്രവർത്തനം വിജയത്തിന് വഴി തുറക്കുമെന്ന് നേതാക്കളും പ്രവർത്തകരും പ്രതീക്ഷിക്കുന്നു.

രാഷ്ട്രീയമില്ലാതെ രംഗത്തിറങ്ങിയ വീ ഫോർ കൊച്ചിയും മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയത്തിന് പകരം വികസനപ്രശ്നങ്ങൾ ഉന്നയിക്കുന്ന കൂട്ടായ്‌മയോട് ഒരുവിഭാഗം ആഭിമുഖ്യം പ്രകടിപ്പിച്ചത് പ്രചാരണത്തിൽ വ്യക്തമായിരുന്നു. വീ ഫോർ സ്ഥാനാർത്ഥികൾ നേടുന്ന വോട്ടുകൾ തങ്ങളുടെ വിജയപരാജയങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്. യു.ഡി.എഫിലാണ് കൂടുതൽ ആശങ്ക.