victory

ആലുവ: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുനടന്ന വോട്ടെടുപ്പ് അവസാനിച്ചപ്പോൾ കൂട്ടിയും കിഴിച്ചും മുന്നണികൾ. ആലുവ നഗരസഭയിൽ മുൻ വർഷത്തേക്കാൾ രണ്ട് ശതമാനത്തോളം വോട്ട് കുറവാണ് രേഖപ്പെടുത്തിയത്. 75.06 ശതമാനമാണ് ഇന്നലത്തെ പോളിംഗ്.

വൻ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുമെന്ന് കോൺഗ്രസും ഭരണം പിടിക്കുമെന്ന് ഇടതും ഒരുപോലെ അവകാശപ്പെടുകയാണ്. അട്ടിമറി നേട്ടമുണ്ടാക്കുമെന്നാണ് എൻ.ഡി.എ പറയുന്നത്. ഇന്നലെ രാത്രി തന്നെ ഒാരോ ബൂത്തുകളിൽ നിന്നും സ്വന്തം സ്ഥാനാർത്ഥിക്കും മറ്റ് സ്ഥാനാർത്ഥികൾക്കും ലഭിക്കുന്ന വോട്ടുകളുടെ കണക്കുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നണികൾ ഭരണം പിടിക്കുമെന്ന് അവകാശപ്പെടുന്നത്. നഗരസഭയിലെ 17,560 വോട്ടർമാരിൽ 13,185 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പുരുഷവോട്ടർമാരുടെ പോളിംഗ് ശതമാനം 76.32 ആണ്. സ്ത്രീ വോട്ടർമാരിൽ 73.09 ശതമാനം പേരും വോട്ടുചെയ്തു. നഗരത്തിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ.

2015ൽ 26 വാർഡുകളിലായി ആകെ പോൾ ചെയ്തത് 13,006 വോട്ടാണ്. യു.ഡി.എഫ് 5624 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ് 4820 വോട്ട് നേടി. വ്യത്യാസം കേവലം 804 വോട്ട് മാത്രം. 15 വാർഡിൽ മത്സരിച്ച ബി.ജെ.പി 1493 വോട്ട് നേടി. 2015ൽ 26ൽ 14 സീറ്റ് നേടിയാണ് കോൺഗ്രസ് ഭരണത്തിലേറിയത്. ഒമ്പത് സീറ്റ് എൽ.ഡി.എഫും ഒന്നിൽ ബി.ജെ.പിയും ജയിച്ചു. രണ്ട് സീറ്റിൽ കോൺഗ്രസ് റിബലിനായിരുന്നു. മൂന്ന് വർഷം തികയും മുമ്പേ കോൺഗ്രസിലെ ഒരംഗത്തെ പാർട്ടി സസ്‌പെന്റ് ചെയ്തതോടെ കേവല ഭൂരിപക്ഷമില്ലാതായി.

ഇക്കുറി 15നും 20നുമിടയിൽ സീറ്റുകളിൽ വിജയിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ 15 സീറ്റ് വരെ നേടുമെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം. 2010ൽ 21സീറ്റിൽ ജയിച്ച കോൺഗ്രസ് കഴിഞ്ഞ തവണ 14ആയി ചുരുങ്ങിയെങ്കിൽ ഇക്കുറി രണ്ടക്കം തികയ്ക്കില്ലെന്നും എൽ.ഡി.എഫ് പറയുന്നു. ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ ബി.ജെ.പി ഇക്കുറി എൻ.ഡി.എ മുന്നണിയിലൂടെ അഞ്ച് സീറ്റിൽ കുറയാതെ വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഇതുവഴി കൗൺസിലിൽ നിർണായക ശക്തിയാകുമെന്നും എൻ.ഡി.എ അവകാശപ്പെടുന്നു.

നഗരസഭ ഭരിക്കുന്ന കോൺഗ്രസ് സംസ്ഥാന ഭരണത്തിലെ പോരായ്മകളും അഴിമതിയും ചൂണ്ടികാട്ടി വോട്ട് തേടിയപ്പോൾ പ്രതിപക്ഷം നഗരസഭ ഭരണത്തിലെ പോരായ്മകൾ ചൂണ്ടികാട്ടിയും സംസ്ഥാന ഭരണത്തിലെ ക്ഷേമപ്രവർത്തനങ്ങൾ ഉയർത്തികാട്ടിയുമാണ് വോട്ടർമാരെ സമീപിച്ചത്. ഇരുമുന്നണികളെയും ഒരു പോലെ എതിർത്താണ് എൻ.ഡി.എ വോട്ട് തേടിയത്.

അട്ടിമറി സംശയവുമായി എൻ.ഡി.എ

ആലുവ നഗരസഭയിലെ ഏക സിറ്റിംഗ് സീറ്റായിരുന്ന 21 ാം വാർഡിൽ യന്ത്രത്തകരാറിനെ തുടർന്ന് രണ്ട് മണിക്കൂറോളം വോട്ടെടുപ്പ് നിലച്ചതിന് പിന്നിൽ അട്ടിമറി ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. ആലുവ വിദ്യാധിരാജ സ്കൂളിലായിരുന്നു പോളിംഗ്. 3.15ന് യന്ത്രം തകരാറിലായതിനെ തുടർന്ന് മറ്റൊരു യന്ത്രമെത്തിച്ചെങ്കിലും ഇതും പ്രവർത്തിച്ചില്ല. അഞ്ചുമണിക്ക് ശേഷം മറ്റൊരു മെഷീൻ എത്തിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. ഇതേതുടർന്ന് നിരവധി പേർ വോട്ട് ചെയ്യാനാകാതെ മടങ്ങിയെന്ന് ബി.ജെ.പി ആരോപിക്കുന്നു. പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയെങ്കിലും വോട്ട് ചെയ്യാതെ മടങ്ങിയവർ തിരിച്ചെത്തിയില്ല. അതിനാൽ നഗരസഭയിലെ ശരാശരിയേക്കാളും അഞ്ച് ശതമാനത്തോളം കുറവാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ബി.ജെ.പി ചൂണ്ടികാട്ടുന്നു.