twince

കളമശേരി: പഠിച്ചതെല്ലാം ഒരുമിച്ച്.വിജയിച്ച് നേടിയെടുത്തത് ഒരേ ജോലി. ഈ ജോലി കിട്ടിയതാകട്ടെ ഒരേ സ്ഥാപനത്തിൽ. അതും ഒരേ ദിവസം. അരൂർ സ്വദേശികളായ സന്തോഷും വിനോദുമാണ് ഇരട്ടകളിലെ ഈ വ്യത്യസ്ത താരങ്ങൾ. ഇരുസർക്കാർ ജീവനക്കാരും ജോലിയിൽ പ്രവേശിച്ചതിന്റെ സിൽവർ ജൂബിലി തിളക്കത്തിലാണ്.

പി.എസ്.സി പരീക്ഷ പാസായി 1995 ഡിസംബർ 11നാണ് ഇരുവരും അരൂരിലെ വൈദ്യുതി ബോർഡ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. ഇരട്ടകളുടെ ഈ നേട്ടം അന്ന് ഏറെ കൗതുകമായിരുന്നു. ഇരട്ടകളിൽ സന്തോഷാണ് മൂത്തത്.

ഏറെ വർഷക്കാലം ഒരേ സ്ഥാപനത്തിൽ തന്നെയായിരുന്നു ജോലി. അടുത്തിടെ വിനോദിന് ഏലൂരിലേക്ക് സ്ഥലം മാറ്റം കിട്ടി. ഇങ്ങനെ യാത്ര രണ്ട് വഴിക്കായ സങ്കടത്തിലരിക്കെ ഓവർസിയർമാരായി ഇരുവർക്കും പ്രോമോഷൻ കിട്ടി. അതും ഒരേ ദിവസം തന്നെ.സന്തോഷും വിനോദും അരൂരിലാണ് താമസിക്കുന്നത്. ഒരു പറമ്പ് വാങ്ങി അടുത്തടുത്തായി രണ്ട് വീട് വയ്ക്കുകയായിരുന്നു. ഏലൂരിലെ എച്ച്.ഐ.എൽ ജീവനക്കാരനായിരുന്ന പീറ്ററും ഫ്ളോറിയുമാണ് മാതാപിതാക്കൾ. മൂന്ന് സഹോദരിമാരുണ്ട്.