metro

കൊച്ചി: കൊച്ചി മെട്രോ സന്ദർശിക്കാൻ ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലെനെയ്ൻ ഇന്ന് കൊച്ചിയിലെത്തും. മെട്രോയിൽ യാത്ര ചെയ്യുന്ന അംബാസഡർ വൈറ്റില, മുട്ടം, ഇടപ്പള്ളി സ്‌റ്റേഷനുകൾ സന്ദർശിക്കും. മെട്രോ ഉന്നതരുമായി അദ്ദേഹം കൂടികാഴ്ച നടത്തും. കേരളാ സന്ദർശനത്തിന്റെ ഭാഗമായാണ് കൊച്ചിയിലത്തുന്നത്.
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട നഗരസൗന്ദര്യവത്കരണത്തിന് ഉൾപ്പെടെ ഫ്രഞ്ച് വികസന ഏജൻസിയായ എ.എഫ്.ഡി ധനസഹായം നൽകുന്നുണ്ട്. 236 കോടി രൂപയുടെ ഫ്രഞ്ച് വായ്പയാണ് മെട്രോ സ്റ്റേഷനുകളോട് ചേർന്നുള്ള അടിസ്ഥാന വികസനത്തിനത്തിന് കഴിഞ്ഞ ഫെബ്രുവരിയിൽ അനുവദിച്ചത്. മെട്രോ റെയിലിനോട് ചേർന്നുള്ള നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ എന്നിവ നിർമ്മിക്കാനാണ് തുക നൽകിയത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തും. അംബാസിഡറെ വരവേൽക്കാൻ വൈറ്റില, മുട്ടം, ഇടപ്പള്ളി സ്റ്റേഷനുകളിൽ സൗന്ദര്യവത്കരണം ഉൾപ്പെടെയുള്ളവ പുരോഗമിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സന്ദർശനം അനൗദ്യോഗികമാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.