കൊച്ചി: വനിതാ നേതൃത്വത്തിനെതിരെ അദൃശ്യ വേലിക്കെട്ടുകൾ സൃഷ്ടിക്കുന്നത് ഓരോരുത്തരുടേയും മനസിലോ ലിംഗവ്യത്യാസത്തിലോ സമൂഹത്തിന്റെ കാഴ്ചപ്പാടിലോ ആണെന്ന് തിരിച്ചറിയണമെന്ന് കേരള മാനേജ്‌മെന്റ് അസോസിയേഷൻ വിമൻ മാനേജേഴ്‌സ് ഫോറം അഭിപ്രായപ്പെട്ടു. കെ.എം.എ സംഘടിപ്പിച്ച പാനൽ ഡിസ്കഷനിലാണ് 'വനിതാ നേതാക്കൾക്ക് മേൽ അദൃശ്യവേലിക്കെട്ടുകളെന്നത് സത്യമോ മിഥ്യയോ' എന്ന ചർച്ച നടത്തിയത്.
കെ.എം.എ മാനേജിംഗ് കമ്മിറ്റി അംഗം ശാലിനി വാര്യർ ആതിഥേയത്വം വഹിച്ച ചർച്ചയിൽ എൻ.ഡി.ടി.വി 24 ബൈ 7 ഡപ്യൂട്ടി എഡിറ്റർ സ്‌നേഹ കോശി മോഡറേറ്ററായിരുന്നു. മൊണ്ടെലെസ് ഇന്റർനാഷണൽ സീനിയർ ഡയറക്ടർ ബിജയ് കാമത്ത്, ഏണസ്റ്റ് യംഗ് ഡയറക്ടർ രേഖ ജയകിഷൻ, ഇന്ത്യ ഡ്യൂട്ഷേ ബാങ്ക് മാനേജിംഗ് ഡയറക്ടർ മാധവിലാൽ, ദി ബോയിംഗ് കമ്പനിയുടെ ഗ്ലോബൽ ഇക്വിറ്റി ഡൈവേഴ്‌സിറ്റി ആൻഡ് ഇൻക്ലൂഷൻ ലീഡർ ഇന്ത്യ നന്ദിനി സർക്കാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിമൻസ് മാനേജേഴ്സ് ഫോറം അംഗം ശാലിനി ജെയിംസ്, സെക്രട്ടറി ജോമോൻ കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.