start-up

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത റിയാഫൈ ടെക്‌നോളജീസിന് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹുവാവേയുടെ നാല് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ. 170 രാജ്യങ്ങളിലെ 14 ലക്ഷം ഡെവലപ്പർമാർ പങ്കെടുത്ത ഹുവാവേ എച്ച്.എം.എസ് ആപ്പ് ഇന്നൊവേഷൻ മത്സരത്തിലാണ് നേട്ടം.

മികച്ച ആപ്പ്, ഏറ്റവും ജനപ്രീതിയുള്ള ആപ്പ്, രണ്ട് ബഹുമതി പരാമർശങ്ങൾ എന്നിവയാണ് ലഭിച്ചത്. ലേൺ ക്രാഫ്‌റ്റ്സ് ആൻഡ് ഡി.ഐ.വൈ ആർട്ട്‌സാണ് മികച്ച ആപ്പ്. അഞ്ച് ലക്ഷത്തിലധികം പേർ ഉപയോഗിക്കുന്ന ആപ്പ് 150 രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.

കേക്ക് റെസിപ്പിയാണ് ജനപ്രീതിയാർജിച്ച ആപ്പ്. ബഹുമതി പരാമർശവും ആപ്പിന് ലഭിച്ചു. 10 ലക്ഷം യൂസർമാരുള്ള ആപ്പ് നൂറിലധികം രാജ്യങ്ങളിൽ 15 അന്താരാഷ്ട്ര ഭാഷകളിൽ ലഭ്യമാണ്. ഭക്ഷണപ്രിയരുടെ ആപ്പാണ് കുക്ക്ബുക്ക് റെസിപ്പി. ബഹുമതി പരാമർശവും ആപ്പിന് ലഭിച്ചു. 60 ലക്ഷം യൂസർമാരുള്ള ഇത് 23 ഭാഷകളിലായി 157 രാജ്യങ്ങളിൽ ലഭ്യമാണ്.

നിർമ്മിതബുദ്ധി, മെഷീൻ ലേണിംഗ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റിയാഫൈ ടെക്‌നോളജീസിന്റെ പ്രവർത്തനം.