pjj

കൊച്ചി: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് വിഭാഗത്തിനുവേണ്ടി മത്സരിച്ചവർ സ്വതന്ത്രരല്ലെന്നും കേരള കോൺഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗം സ്ഥാനാർത്ഥികളാണെന്നുമുള്ള ഉത്തരവ് കേരള കോൺഗ്രസ് എമ്മിനെ പ്രതിനിധീകരിക്കാൻ പി.ജെ. ജോസഫിന് അധികാരം നൽകുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അങ്ങനെ പ്രതിനിധീകരിക്കാൻ പി.ജെ. ജോസഫിന് അവകാശമുണ്ടോയെന്നത് ഉചിതമായ അതോറിറ്റിയാണ് പരിഗണിക്കേണ്ടത്. ഇൗ വിഷയത്തിൽ കോടതി എന്തെങ്കിലും പറയുന്നത് ഉചിതമല്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

പി.ജെ. ജോസഫ് വിഭാഗത്തിന് കേരള കോൺഗ്രസ് (എം) എന്ന പേരുപയോഗിക്കാൻ അനുമതി നൽകുന്നതിനെ ജോസ്.കെ. മാണി എതിർത്തതോടെയാണ് സിംഗിൾ ബെഞ്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. കേരള കോൺഗ്രസിലെ വിഭാഗീയതയെ തുടർന്ന് ജോസ്. കെ. മാണി വിഭാഗത്തിന് കേരള കോൺഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും അനുവദിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇലക്ഷൻ കമ്മിഷൻ പി.ജെ. ജോസഫ് വിഭാഗത്തിന് ചെണ്ട അടയാളമാണ് അനുവദിച്ചത്. ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന തന്റെ സ്ഥാനാർത്ഥികളെ ഇലക്ഷൻ കമ്മിഷൻ സ്വതന്ത്രരായാണ് രേഖപ്പെടുത്തുന്നതെന്നും യു.ഡി.എഫിൽ കക്ഷിയായ തന്റെ വിഭാഗത്തിൽ നിന്ന് മത്സരിച്ചു ജയിക്കുന്നവരുടെ അയോഗ്യതയ്ക്ക് ഇതിടയാക്കുമെന്നും ചൂണ്ടിക്കാട്ടി പി.ജെ.ജോസഫ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ജോസഫ് വിഭാഗത്തിനുവേണ്ടി മത്സരിച്ചവരെ കേരള കോൺഗ്രസ് (എം‌) പി.ജെ. ജോസഫ് വിഭാഗമെന്ന് രേഖപ്പെടുത്താൻ ഡിസംബർ ഏഴിന് സിംഗിൾബെഞ്ച് ഉത്തരവിട്ടു. ഇതനുസരിച്ച് ഡിസംബർ ഒമ്പതിന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവുമിറക്കി. ഇതിനെയാണ് ജോസ്. കെ. മാണി വിഭാഗം എതിർത്തത്.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥികളെ സ്വതന്ത്രരായി പരിഗണിക്കുന്ന വിഷയം മാത്രമാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി.