കോലഞ്ചേരി: ഗ്രാമീണ മേഖകൾ കേന്ദ്രീകരിച്ച് ഗുണനിലവാരമില്ലാത്ത വാഴവിത്തുകൾ വി​റ്റഴിക്കുന്നതായി പരാതി. വിത്ത് വാങ്ങിയ കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സാധാരണ നേന്ത്റവാഴകൃഷിയിൽ 12 മാസത്തിനുള്ളിൽ വിളവെടുപ്പ് പൂർത്തിയാകുന്നതാണ്. കഴിഞ്ഞ വർഷം ഇത്തരത്തിൽ വഴിവക്കിലെ കച്ചവടക്കാരിൽ നിന്നു വാങ്ങിയ വാഴവിത്തുകൾ കുലയ്ക്കാൻ ഒന്നര വർഷത്തിലേറെ കാത്തിരിക്കേണ്ടിവന്നു. ഇത് കർഷകർക്ക് ഭീമമായ നഷ്ടമാണ് വരുത്തിവെയ്ക്കുന്നത്. പലരും വിളവെടുപ്പിന് രണ്ട് വർഷംവരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് കർഷകർ പറയുന്നു. 10 രൂപ മുതൽ 15 രൂപ വരെ ഇതിനു വാങ്ങുന്നുണ്ട്. ജലസേചന സൗകര്യമുള്ള പാടങ്ങളിൽ കൃഷി ചെയ്യേണ്ട ഇനം വാഴവിത്തുകളെന്ന വ്യാജേനയാണ് ഇത്തരത്തിൽ വിൽപ്പന നടക്കുന്നത്. ഇപ്പോഴും ലോഡ് കണക്കിന് വാഴവിത്തുകളാണ് ദിവസേന വിൽപ്പന നടക്കുന്നത്. ഇത്തരത്തിലുള്ള വാഴവിത്തുകളുടെ വിൽപ്പന നിയന്ത്റിക്കണമെന്നാണ് കർഷകരുടെ ആവശ്യം