ആലുവ: വോട്ടെടുപ്പ് അവസാനിച്ചപ്പോൾ കൂട്ടിയും കിഴിച്ചും മുന്നണികൾ ആശങ്കയിലും ആവേശത്തിലുമാണ്. ആലുവ നിയോജക മണ്ഡലത്തിൽ ആലുവ നഗരസഭയും കീഴ്മാട്, എടത്തല, ചൂർണിക്കര, നെടുമ്പാശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളുമാണുള്ളത്.
ചൂർണിക്കര, കീഴ്മാട്, നെടുമ്പാശേരി ഗ്രാമപഞ്ചായത്തുകളൊഴികെ എല്ലായിടത്തും യു.ഡി.എഫാണ് നിലവിൽ ഭരിച്ചിരുന്നത്. ചെങ്ങമനാട് യു.ഡി.എഫിന് കേവല ഭൂരിപക്ഷമില്ലെങ്കിലും രണ്ടര വർഷമായി നറുക്കെടുപ്പിലൂടെ ഭരണം കിട്ടി. ഇക്കുറി നഗരസഭയും മുഴുവൻ പഞ്ചായത്തുകളും യു.ഡി.എഫ് ജയിക്കുമെന്നാണ് അവകാശവാദം. എന്നാൽ തിരിച്ചാണ് എൽ.ഡി.എഫ് പറയുന്നത്. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നും നിലവിലുള്ള പഞ്ചായത്തുകളിലെ ഭരണം നിലനിർത്തുമെന്നും മറ്റുള്ളവ തിരിച്ചു പിടിക്കുമെന്നും എൽ.ഡി.എഫ് പറയുന്നു. എൻ.ഡി.എ മുന്നണി എ കാറ്റഗറിയിൽപ്പെടുത്തിയിരുന്ന പഞ്ചായത്താണ് ചെങ്ങമനാടും എടത്തലയും ഇതിൽ എടത്തലയിൽ ഭരണം പിടിക്കുമെന്നും എൻ.ഡി.എ അവകാശപ്പെടുന്നു. എടത്തല ഉൾപ്പെടെ എല്ലായിടത്തും സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകുമെന്നും പറയുന്നു.
ആലുവ നഗരസഭയിൽ വൻ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. ഇന്നലെ ബൂത്തുകളിൽ നിന്നും സ്വന്തം സ്ഥാനാർത്ഥിക്കും മറ്റ് സ്ഥാനാർത്ഥികൾക്കും ലഭിക്കുന്ന വോട്ടുകളുടെ കണക്കുകൾ മുന്നണികൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നണികൾ ഭരണം പിടിക്കുമെന്ന് അവകാശപ്പെടുന്നത്. 2015ൽ നഗരസഭയിൽ ആകെ പോൾ ചെയ്തത് 13,006 വോട്ടാണ്. യു.ഡി.എഫ് 5624 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ് 4820 വോട്ട് നേടി. വ്യത്യാസം കേവലം 804 വോട്ട് മാത്രം. 15 വാർഡിൽ മത്സരിച്ച ബി.ജെ.പി 1493 വോട്ട് നേടി. 26ൽ 14 സീറ്റ് നേടിയാണ് കോൺഗ്രസ് ഭരണത്തിലേറിയത്.
ഇക്കുറി 15നും 20നുമിടയിൽ സീറ്റുകളിൽ വിജയിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ 15 സീറ്റ് വരെ നേടുമെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം. 2010ൽ 21സീറ്റിൽ ജയിച്ച കോൺഗ്രസ് കഴിഞ്ഞ തവണ 14ആയി ചുരുങ്ങിയെങ്കിൽ ഇക്കുറി രണ്ടക്കം തികയ്ക്കില്ലെന്നും എൽ.ഡി.എഫ് പറയുന്നു. കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ ബി.ജെ.പി ഇക്കുറി അഞ്ച് സീറ്റിൽ കുറയാതെ വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്.