
കൊച്ചി: മന്ത്രിയെന്നത് റബർ സ്റ്റാമ്പാണോയെന്നും ഉദ്യോഗസ്ഥർ കൊണ്ടുവരുന്ന ഫയലിൽ ഒപ്പിടലാണോ മന്ത്രിയുടെ പണിയെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമർശം.
ഫ്ളൈ ഒാവറിന്റെ നിർമ്മാണം കരാറെടുത്ത ആർ.ഡി.എസ് കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് ചട്ടവിരുദ്ധമാണെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരായ കേസെന്നും, ഉൗരാളുങ്കൽ സൊസൈറ്റിക്ക് സമാനമായ രീതിയിൽ സ്പീക്കർ മുൻകൂർ തുക അനുവദിച്ചിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ മറ്റുകരാറുകളുമായി പാലാരിവട്ടം ഫ്ളൈഒാവർ നിർമ്മാണ കരാറിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നു സർക്കാർ ചൂണ്ടിക്കാട്ടി. വാദം പൂർത്തിയായതോടെ ഹർജി തിങ്കളാഴ്ച ഉച്ചയ്‌ക്ക് 1.45 ന് വിധിപറയാനായി മാറ്റി.
ഉൗരാളുങ്കൽ സൊസൈറ്റിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതായി സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സമാനമായ രീതിയിലാണ് പാലാരിവട്ടം ഫ്ളൈഒാവർ നിർമ്മാണകമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതെന്നും ഉദ്യോഗസ്ഥരടക്കമുള്ളവർ പരിശോധിച്ചു നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഫയലിൽ ഒപ്പുവച്ചതെന്നും ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് മന്ത്രിയെന്നത് റബർ സ്റ്റാമ്പാണോയെന്നും ഉദ്യോഗസ്ഥർ കൊണ്ടുവരുന്ന ഫയലിൽ ഒപ്പിടലാണോ മന്ത്രിയുടെ പണിയെന്നും കോടതി ചോദിച്ചത്.
വാദങ്ങളിങ്ങനെ
മുൻകൂർ പണംനൽകുന്നതിൽ അപാകതയില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് വാദിച്ചു. ഗുരുതരരോഗമായതിനാലാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ആരോഗ്യകാരണങ്ങൾകൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ സ്വമേധയാ തിരഞ്ഞെടുത്ത ആശുപത്രിയും ഡോക്ടർമാരുമല്ലേ, അവിടെ തുടരുന്നതിനെന്താണ് ബുദ്ധിമുട്ടെന്ന് സിംഗിൾബെഞ്ച് വാക്കാൽചോദിച്ചു. അറസ്റ്റ് ഒഴിവാക്കാനായി ആശുപത്രിയിൽ അഡ്മിറ്റായതല്ലെന്നായിരുന്നു മറുപടി. കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇബ്രാഹിം കുഞ്ഞ് വാദിച്ചു.
ഗൂഢാലോചനയുണ്ടെന്ന് സർക്കാർ
നിയമവിരുദ്ധമായാണ് മുൻകൂർ പണംനൽകിതെന്നും ആർ.ഡി.എസ് കമ്പനിക്ക് കരാർനൽകിയതിൽ ഗൂഢാലോചനയുണ്ടെന്നും സർക്കാർ വാദിച്ചു. മസ്കറ്റ് ഹോട്ടലിലാണ് ഗൂഢാലോചന നടന്നത്. ആശുപത്രിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും സർക്കാർ വാദിച്ചു.