padam
പച്ചനോൽ പാടശേഖരം നെല്ക്കൃഷിയ്ക്കായി ഒരുക്കുന്നു

കോലഞ്ചേരി: കാൽ നൂറ്റാണ്ടിലേറെക്കാലം തരിശായി കിടന്ന ഐക്കരനാട് പഞ്ചായത്തിലെ തോന്നിക്ക പച്ചനോൽ പാടശേഖരത്തിൽ കൃഷിയിറക്കുന്നു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി ഐക്കരനാട് കൃഷിഭവന്റെ നേതൃത്വത്തിൽ സിന്തൈ​റ്റ് ഗ്രൂപ്പിന്റെ സി.എസ്.ആർ വിഭാഗമായ സി.വി.ജെ ഗ്രാമോദയയോടൊപ്പം ചേർന്നാണ് നെൽകൃഷിയിറക്കുന്നത്. ഇതിനായി നിലമൊരുക്കുന്ന ജോലികൾ തുടങ്ങി.
കൃഷിയില്ലാതെ വർഷങ്ങളോളം വെറുതെ കിടന്നിരുന്ന പാടത്ത് മാലിന്യങ്ങളും നിറഞ്ഞ് കുമിഞ്ഞു കിടക്കുകയാണ്. തോടുകൾ നവീകരിച്ച് ജലലഭ്യത ഉറപ്പുവരുത്തി കൃഷിക്കുവേണ്ടിയുള്ള സാഹചര്യങ്ങൽക്ക് വഴിയൊരുക്കാനുള്ള ജോലികൾ നേരത്തെ ആരംഭിച്ചിരുന്നു. കടമ​റ്റം പാടശേഖര സമിതിയിലെ അംഗങ്ങളായ ആനിക്കാശേരി പോൾ രാജനും, സോമനും ചേർന്നാണ് പദ്ധതി ഏ​റ്റെടുത്ത് പ്രവർത്തീകമാക്കുന്നത്.
ഒരോഘട്ടമായി നടക്കുന്ന നിലമൊരുക്കലിന് ശേഷം വിത്ത് വിതയ്ക്കലിനുള്ള തയ്യാറെടുപ്പുകൾ നടത്തും. ഐക്കരനാട് പഞ്ചായത്തിലെ തരിശു നിലങ്ങളെല്ലാം ഇതിനോടകം 80 ശതമാനത്തോളം കൃഷിനിലങ്ങളായി മാറിക്കഴിഞ്ഞതായി കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.