covid
covid

കൊച്ചി: കൊവിഡ് രോഗത്തിനിടയിലും 243 പേർ വോട്ടു രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിന് തലേ ദിവസം മൂന്ന് മണിക്ക് ശേഷം കൊവിഡ് പോസിറ്റീവാകുകയോ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുകയോ ചെയ്ത 243 പേരാണ് പി. പി ഇ കിറ്റുകൾ ധരിച്ചു പോളിംഗ് ബൂത്തുകളിൽ എത്തിയത്. രോഗമുള്ളവർ പി. പി. ഇ കിറ്റ് ഉൾപ്പടെ ധരിച്ചു കൊണ്ട് മാത്രമേ പോളിംഗ് ബൂത്തുകളിൽ എത്താൻ പാടുള്ളു എന്ന് വോട്ടർമാർക്ക് നിർദേശം നൽകിയിരുന്നു. മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമായിരുന്നു വോട്ടു ചെയ്യാനുള്ള അനുമതി. ആലുവ മുൻസിപ്പാലിറ്റിയിൽ 17 പേർ വോട്ടു ചെയ്‌തു. ഗ്രാമ പഞ്ചായത്തുകളിൽ വെങ്ങോല പഞ്ചായത്തിലാണ് ഏറ്റവും കൂട‌ുതൽ പേർ എത്തിയത്. 16 പേർ. വാഴക്കുളം പഞ്ചായത്തിൽ 15 പേരും വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ 12 പേരും വോട്ട് രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് കൊവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ഏർപ്പെടുത്തിയിരുന്നു.18287 പേർക്കാണ് ഇത്തരത്തിൽ സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിന് ജില്ലയിൽ അർഹത ഉണ്ടായിരുന്നത്. ഇതിൽ 12594 പേരാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഉദ്യോഗസ്ഥർ നേരിട്ടത്തിയും തപാൽ വഴിയുമാണ് ഇവർക്ക് സ്‌പെഷ്യൽ ബാലറ്റ് പേപ്പറുകൾ കൈമാറിയത്.