
നെടുമ്പാശേരി: കാറിന് പിന്നിൽ വളർത്തു നായയെ കെട്ടിയിട്ട് രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ച് കൊടുംക്രൂരത കാണിച്ച ഡ്രൈവർ അറസ്റ്റിൽ. കുന്നുകര ചാലായ്ക്ക കോന്നംവീട്ടിൽ യൂസഫിനെയാണ് (62) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.ചാലായ്ക്കൽ ശ്രീനാരായണ മെഡിക്കൽ കോളേജിന് സമീപത്തെ സ്റ്റാൻഡിലെ ടാക്സി ഡ്രൈവറായ ഇയാളുടെ ലൈസൻസ് അധികൃതർ സസ്പെൻഡ് ചെയ്തു.
ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജിന് സമീപമായിരുന്നു സംഭവം. കാറിന് പിന്നിൽ ബൈക്കിൽ സഞ്ചരിച്ച നെടുമ്പാശേരി മേയ്ക്കാട് സ്വദേശി അഖിൽ പകർത്തിയ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
കെ.എൽ 42 ജെ 6379 നമ്പർ ടാക്സി കാറിന്റെ പിന്നിൽ മൂന്ന് മീറ്ററോളം നീളമുള്ള ചരടിലാണ് നായയെ കെട്ടിയിരുന്നത്. ചാലായ്ക്കൽ നിന്നു അയിരൂർ ഭാഗത്തേക്ക് നായയുമായി കാർ രണ്ട് കിലോമീറ്ററോളം ഓടി. ദൃശ്യങ്ങളിൽ ആദ്യം നായ കാറിനൊപ്പം ഓടുന്നുണ്ടെങ്കിലും വേഗത കൂടിയതോടെ റോഡിൽ വീണ്നിരങ്ങിപ്പോകുകയായിരുന്നു. അഖിൽ കാർ തടഞ്ഞപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമായി. അവശനിലയിലായ നായയെ അഴിച്ച് വിട്ട് യൂസഫ് മുങ്ങി.
മനയ്ക്കപ്പറമ്പ് ഭാഗത്ത് റോഡരികിൽ നായയെ കണ്ടെത്തിയവർ വിവരം പൊലീസിന് കൈമാറി.യൂസഫിനെ വീട്ടിൽനിന്ന് രാത്രിയാണ് അറസ്റ്റുചെയ്തത്.
ഒരു വർഷം മുമ്പാണ് യൂസഫ് നായയെ വളർത്താൻ കൊണ്ടുവന്നത്. ഇതിന്റെ പേരിൽ ഭാര്യ പലപ്പോഴും വഴക്കിട്ടു. ഇതേത്തുടർന്ന് ഉപേക്ഷിക്കാൻ കൊണ്ടുപോയെന്നാണ് പൊലീസിനു നൽകിയ മൊഴി.
മൃഗങ്ങളെ പീഡിപ്പിക്കുന്നതിനെതിരെയുള്ള നിയമപ്രകാരം കേസെടുത്തതായി ചെങ്ങമനാട് സി.ഐ ടി.കെ. ജോസി പറഞ്ഞു.
നായയെ മൃഗസ്നേഹികളുടെ സംഘടനയായ പറവൂർ 'ദയ' ഏറ്റെടുത്ത് ചികിത്സ നൽകി.ദയയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.