annachal-thodu-
ആനച്ചാൽ തോട് പായൽ നിറഞ്ഞു കിടക്കുന്നു.

പറവൂർ: മാസങ്ങൾക്ക് മുമ്പ് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കിയ ആനച്ചാൽ തോട് പായൽ നിറഞ്ഞ് ഉപയോഗശൂന്യമായ നിലയിൽ. അലക്കാനും കുളിക്കാനും മറ്റും തോട്ടിലെ വെള്ളം ഉപയോഗപ്പെടുത്തിരുന്നു. ഇപ്പോൾ തോട്ടിൽ ഇറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. മത്സ്യ ബന്ധനവും തടസപ്പെട്ടു. ചെറുവഞ്ചികൾക്ക് പോലും സഞ്ചരിക്കാനാകുന്നില്ല. പായൽ നിറഞ്ഞതുമൂലം തോട് പൂർണമായും ഉപയോഗശൂന്യമായ നിലയിലാണ്. കരുമാല്ലൂർ, കോട്ടുവള്ളി പഞ്ചായത്തുകളുടെ അതിർത്തിലൂടെ കടന്നുപോകുന്ന ഈ തോട് ചെറിയപ്പിളളി പുഴയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പണ്ടുകാലത്ത് മാഞ്ഞാലി, മാട്ടുപുറം പ്രദേശങ്ങളിൽ നിന്ന് കാർഷിക വിഭവങ്ങൾ വലിയ വള്ളങ്ങളിൽ ആനച്ചാൽ തോട്ടിലൂടെ എറണാകുളത്തെ ചന്തയിൽ എത്തിച്ചിരുന്നു. കരഗതാഗതം സുഗമമായതോടെ തോട് അവഗണിക്കപ്പെട്ടു. പല സ്ഥലത്തും കയ്യേറ്റങ്ങൾ ഉണ്ടായി. മാലിന്യങ്ങൾ വൻതോതിൽ തോട്ടിൽ തള്ളിയതോടെ നീരൊഴുക്കു പോലും തടസപ്പെടുന്ന സ്ഥിതിയിലായി. രണ്ട് പഞ്ചായത്തുകളുടെ അതിർത്തിയായതിനാൽ പുനരുദ്ധാരണത്തിന് ആരും താൽപര്യം കാണിച്ചില്ല.

വീണ്ടും പായൽ നിറഞ്ഞ്

മാസങ്ങൾക്ക് മുമ്പ് കരുമാല്ലൂർ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചാണ് തോട്ടിലെ ചെളിയും മാലിന്യങ്ങളും യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്ത് തോട് ശുചീകരിച്ചത്. അതോടെ തോട്ടിൽ വേലിയേറ്റവും വേലിയിറക്കവും പുനസ്ഥാപിക്കപ്പെട്ടു. ഇതേത്തുടർന്ന് ചെറിയപ്പിള്ളി പുഴയിൽ നിന്നും പായൽ തോട്ടിലേക്ക് കയറി.