
വെൽഡിംഗ് ഭാഗത്ത് നേരിയ ചോർച്ച, അത്യാവശ്യം വെള്ളം എത്തിയ ശേഷം അവശേഷിക്കുന്ന അറ്റകുറ്റപ്പണി
ആലുവ: ആലുവയിൽ ഭൂഗർഭ പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപ്പമിക്ക് ശേഷം പമ്പിംഗ് പുനരാരംഭിച്ചെങ്കിലും വീണ്ടും നേരിയ ചോർച്ചയുണ്ടായത് ആശങ്കയായി. ഇതേതുടർന്ന് പശ്ചിമകൊച്ചിയിലേക്കുള്ള ജലവിതരണം സാധാരണ നിലയിലായ ശേഷം വീണ്ടും പമ്പിംഗ് നിർത്തിയ ശേഷം അറ്റകുറ്റപ്പണി പൂർത്തിയാക്കും. അതിന് ശേഷമായിരിക്കും റോഡിലെ കുഴിയച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കൂ.
പ്രാഥമീക പരിശോധനകൾക്ക് ശേഷം ഇന്നലെ പുലർച്ച രണ്ടരയോടെ മുഴുവൻ മർദ്ദത്തിൽ പൈപ്പിലൂടെ വെള്ളം പമ്പ് ചെയ്തപ്പോഴാണ് വെൽഡിംഗ് ഭാഗത്ത് ചോർച്ച അനുഭവപ്പെട്ടത്. പശ്ചിമകൊച്ചി ഭാഗത്തെ ജലസംഭരണികളെല്ലാം കാലിയായതിനാൽ എല്ലായിടത്തും വെള്ളമെത്താൻ നാല് ദിവസമെടുക്കും. അതിന് ശേഷമായിരിക്കും അവശേഷിക്കുന്ന അറ്റകുപ്പണി നടത്തുക. ചൊവ്വാഴ്ച ഉച്ചയോടെയാണ് ആലുവ നിർമ്മല സ്‌കൂളിന് സമീപം 42 ഇഞ്ച് വ്യാസമുള്ള കാസ്റ്റ് അയേൺ പൈപ്പ് പൊട്ടിയത്. പെരിയാറിൽ നിന്നെടുക്കുന്ന വെള്ളം ആലുവ ജലശുദ്ധീകരണശാലയിൽ ശുദ്ധീകരിച്ച് ഈ പൈപ്പുകൾ വഴിയാണ് കൊച്ചിയിലും സമീപ നഗരസഭകളിലും പഞ്ചായത്തുകളിലും എത്തുന്നത്.
3.8 മീറ്റർ നീളമാണ് ഒരു കാസ്റ്റ് അയേൺ പൈപ്പിന് ഉള്ളത്. പൊട്ടിയ പൈപ്പ് മുഴുവനായും മാറ്റി പുതിയ 3.8 മീറ്റർ നീളമുള്ള പൈപ്പ് സ്ഥാപിച്ചു. മൂന്ന് ജോയിന്റുകളുടെ സഹായത്തോടെയാണ് ഇത് കൂട്ടിയോജിപ്പിച്ചത്. നടുഭാഗത്ത് ഉപയോഗിച്ച ഭാരമേറിയ ജോയിന്റ് കോട്ടയത്ത് പ്രത്യേകം പറഞ്ഞ് നിർമ്മിക്കുകയായിരുന്നു. പൈപ്പിന്റെ രണ്ടറ്റത്തുമുള്ള ജോയിന്റുകൾ ആലുവയിൽ തന്നെ പുതുതായി നിർമ്മിച്ചു. കൂറ്റൻ സ്‌ക്രൂ ഉപയോഗിച്ചാണ് ജോയിന്റുകൾ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്.