ഫോർട്ട്കൊച്ചി: തലതിരഞ്ഞ കാന നിർമ്മാണത്തിൽ വലഞ്ഞ് ഫോർട്ടുകൊച്ചി നിവാസികൾ. റോറോ ജെട്ടിക്ക് സമീപം നിർമ്മാണം പൂർത്തിയായ റോഡിനോട് ചേർന്നുള്ള കാനയാണ് പൊളിച്ച് പണിയുന്നത്. റോഡ് നിർമ്മാണത്തിന് മുമ്പേ കാന നിർമ്മിക്കേണ്ടിയിരുന്നെന്ന് നാട്ടുകാ‌ർ പറയുന്നു. മാത്രമല്ല ആഴം കൂട്ടി കാന നിർമ്മിക്കുന്നതിന്റെ ഭാഗമായി സമീപത്തെ കൂറ്റൽ മരങ്ങളുടെ വേര് അറുത്ത് മാറ്റുന്നുണ്ട്. ഇത് മരങ്ങളുടെ ബലക്ഷയത്തിനും നാശനത്തിനും വഴിവയ്ക്കുമെന്ന് ആരോപിച്ച് വൃക്ഷ സ്നേഹികൾ പ്രക്ഷോഭവുമായി ഇന്നലെ രംഗത്ത് എത്തി.നൂറ് വർഷത്തിന് മേൽ പഴക്കമുള്ള കൂറ്റൻ തണൽ മരങ്ങളാണ് റോഡിന് സമീപത്തുള്ളത്. മരങ്ങൾ ഉണങ്ങി നിലം പതിച്ചാൽ വലിയ ദുരന്തത്തിന് വഴിവയ്ക്കും. കൊച്ചിയുടെ ചരിത്രം വിളിച്ചോതുന്ന കൂറ്റൻ മരങ്ങളും ഇതാടെ ഓർമ്മയാകും. കാനക്കായി പൊളിച്ച കുഴികളിൽ വീണുള്ള അപകടം ഒഴിവാക്കാൻ അപകടസൂചന ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.