swapna

കൊച്ചി: സ്വർണം - ഡോളർ കടത്ത് കേസുകളിൽ മുഖ്യപ്രതികളായ പി.എസ്. സരിത്തിനെയും സ്വപ്‌ന സുരേഷിനെയും മൂന്നു ദിവസം ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. അടുത്ത ദിവസം കോടതി അപേക്ഷ പരിഗണിച്ചേക്കും. ഇരു കേസുകളിലും ശിവശങ്കറിന് പുറമേ ചില ഉന്നത വ്യക്തികൾക്കും പങ്കുണ്ടെന്ന് സ്വപ്നയും സരിത്തും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറും ചില വസ്തുതകൾ വെളിപ്പെടുത്തിയതായി കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമ പ്രകാരമുള്ള കേസിൽ കൂടുതൽ ആഴത്തിൽ അന്വേഷണം നടത്താൻ ഇവരെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ.ഡിയുടെ അപേക്ഷയിൽ പറയുന്നു.