കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കനാലുകളുടെ നവീകരണത്തിനായി 4.88 കോടി രൂപ ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിലേക്ക് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ നേരിട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. നേരത്തെ കൊച്ചി നഗരസഭയുടെ പ്ളാൻ ഫണ്ടിൽ നിന്ന് തുക നൽകാനാണ് കോടതി നിർദേശിച്ചിരുന്നത്. എന്നാൽ പ്ളാൻ ഫണ്ടിലെ തുക വിവിധ പദ്ധതികൾക്കായി വകയിരുത്തിക്കഴിഞ്ഞതിനാൽ ഇത്രയും തുക ഫണ്ടിലില്ലെന്നും സർക്കാർ നേരിട്ട് തുക നൽകാൻ ഹൈക്കോടതി നിർദേശിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. തുടർന്നാണ് പണം സർക്കാർ നേരിട്ടു നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. നേരത്തെ പണം ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിലേക്ക് അനുവദിക്കാൻ സർക്കാരിന് നഗരസഭ കത്തു നൽകിയിരുന്നു. ഇതു അപേക്ഷയായി പരിഗണിച്ച് പണം നൽകാനാണ് ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ഇതിന് ധനവകുപ്പിന്റെ അനുമതി വേണമെന്നും ഒരാഴ്ചയെന്ന സമയപരിധി നീട്ടി നൽകണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും സിംഗിൾ ബെഞ്ച് അനുവദിച്ചില്ല. ഹർജി ജനുവരി 13 ന് വീണ്ടും പരിഗണിക്കും.