covid

ആലുവ: കൊവിഡ് രോഗം വ്യാപിച്ചതോടെ റൂറൽ ജില്ലാ പൊലീസിന്റെ ആസ്ഥാനമായ ആലുവ പൊലീസ് സ്റ്റേഷൻ അടച്ചുപൂട്ടലിന്റെ വക്കിലായി. ഇന്നലെ രാത്രി പരിശോധന ഫലം ലഭിച്ച 11 പേരുടേത് ഉൾപ്പെടെ സ്റ്റേഷനിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29 ആയി. ഇനിയും ചിലരുടെ കൂടി പരിശോധന ഫലം ലഭിക്കാനുണ്ട്. അതും പോസറ്റീവായാൽ സ്റ്റേഷന്റെ പ്രവർത്തനം നിർത്തേണ്ടിവരും.

മേലുദ്യോഗസ്ഥരുടെ അലംഭാവമാണ് ആലുവ പൊലീസ് സ്റ്റേഷനിൽ കൊവിഡ് രോഗം പടർന്നു പിടിക്കാൻ ഇടയാക്കിയതെന്ന് സേനയിൽ ആരോപണമുണ്ട്. കേരള പൊലീസ് അസോസിയേഷൻ അംഗങ്ങളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച രൂക്ഷമായ ചർച്ചയുള്ളത്. ആലുവ സ്റ്റേഷൻ എസ്.എച്ച്.ഒ ഉൾപ്പെടെ 10 പേർക്കാണ് തിങ്കളാഴ്ച്ച ആദ്യം രോഗം സ്ഥിരീകരിച്ചത്. നിരവധി പേർ ക്വാറന്റൈനിലുമായി. പിന്നാലെ എട്ട് പേർ കൂടി രോഗബാധിതരായി. ഓഫീസ് ജോലി ചെയ്യുന്ന ആറ് പേരിൽ അഞ്ച് പേരും രോഗബാധിതരുടെ കൂട്ടത്തിലുണ്ട്.

സ്റ്റേഷനിലെ ആകെ പൊലീസിന്റെ അംഗബലം 72 ആണെങ്കിലും അവധിയിലും മറ്റുമായി 15 ഓളം പേരില്ല. ബാക്കിയുള്ള 57 പേരിൽ 29 പേരാണ് ഇപ്പോൾ കൊവിഡിന്റെ പിടിയിലുള്ളത്. മാസങ്ങൾക്ക് മുമ്പുമുതൽ സ്റ്റേഷനിൽ ഒരോരുത്തർക്കായി കൊവിഡ് സ്ഥിരീകരിച്ചതാണ്. അടുത്ത സമ്പർക്കം പുലർത്തിയവരെപ്പോലും ക്വാറന്റൈനിൽ വിടാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. അതിന്റെ അനന്തരഫലമാണ് ഇപ്പോൾ ഉണ്ടായതെന്നാണ് ആരോപണം.