തൃക്കാക്കര : അന്തരീക്ഷ താപനില ഉയർന്നതോടെ ജില്ലയിലെ വിവിധ ഇടങ്ങളിൽ കുടിവെള്ളം ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. കിണറുകളിലും കുളങ്ങളിലും വെള്ളത്തിന്റെ അളവ് കുറഞ്ഞു. നിലവിൽ വാട്ടർ അതോറിട്ടിയെ ആശ്രയിച്ചാണ് പല കുടുംബങ്ങളും ആവശ്യങ്ങൾ നിറവേറ്റുന്നത്. കാക്കനാട് അടക്കം പൈപ്പ് വഴിയുള്ള കുടിവെള്ളം ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ലഭിക്കുന്നത്. നേരത്തെ നാല് ദിവസം വരെ കുടിവെള്ളം ലഭിച്ചിരുന്നു. അതേസമയം, പൊതു കുളങ്ങളും കിണറുകളും സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്ന് കഴിഞ്ഞു. കുളങ്ങളും കിണറുകളും കുറയുന്നത് ശുദ്ധജല ക്ഷാമം രൂക്ഷമാക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.ജില്ലയിൽ ആയിരത്തിലധികം കിണറുകളും കുളങ്ങളും ഉപയോഗിക്കാതെ കിടക്കുന്നത്. കാട് മൂടിയും മാലിന്യം നിറഞ്ഞുമാണ് ഭൂരിഭാഗവും ഉപയോഗശൂന്യമായത്. പൊതുകിണറുകളുടെ ആഴം വർദ്ധിപ്പിച്ച് സംരക്ഷിച്ചാൽ മാത്രമേ മാവാർഡുതല കുടിനീർ ക്ഷാമത്തിന് പരിഹാരമാവു. കനാലുകളിലും മാലിന്യം നിറയുകയാണിപ്പോൾ. കുടിവെള്ള ടാങ്കറുകളിൽ ജലമെത്തിച്ച് വരൾച്ച നേരിടാനുള്ള ശ്രമങ്ങളും വേണ്ടത്ര വിജയിക്കുന്നില്ല. ഫ്ലാറ്റുകൾ, വൻകിട ഹോട്ടലുകൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെല്ലാം ടാങ്കറുകളാണ് ഇപ്പോൾ കുടിവെള്ളം എത്തിക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ ടാങ്കർ വെള്ളത്തിന് ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.പൊതുകിണറുകൾ ശുചീകരിച്ച് ഉപയോഗപ്പെടുത്തിയാൽ ജില്ലയിലെ കുടിനീർ ക്ഷാമത്തിന് പരിഹാരമാവും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്ത് പൊതുകിണറുകൾ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം.