
പറവൂർ: കഴിഞ്ഞ ദിവസം കാറിൽ കെട്ടിവലിച്ച് ക്രൂരതയ്ക്ക് ഇരയായ ജൂലി എന്ന നായയ്ക്ക് പറയാനുണ്ട് പ്രളയത്തെ അതിജീവിച്ച കഥ. 2019ൽ നാടാകെ വെള്ളത്തിൽ മുങ്ങിയ വേളയിൽ ഒറ്റപ്പെട്ടുപോയ അവൾ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിന്റെ കിഴക്കു ഭാഗത്ത് വന്നുചേരുകയായിരുന്നു.
മുന്നിൽ കണ്ടത് ജൂലിയെ കാറിൽ കെട്ടിവലിച്ച യൂസഫിന്റെ വീടിനോടു ചേർന്നുള്ള വീട്. യൂസഫ് വാടകയ്ക്കു നൽകിയ ഈ വീട്ടിലെ താമസക്കാരാണ് ജൂലിയെന്ന് പേരിട്ട് ഏറ്റെടുത്തത്. പിന്നീട് യൂസഫിന്റെയും പ്രിയങ്കരിയായി.
ആറു മാസം മുമ്പ് ജൂലി അപ്രത്യക്ഷയായി. യൂസഫ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.
ആൺ നായ്ക്കൾ ജൂലിയെത്തേടി എത്തുന്നത് ശല്യമായതോടെയാണ്
ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
കുഞ്ഞൻ നായകൻ
ജൂലിയെ കാറിൽ കെട്ടിവലിച്ചു കൊണ്ടു പോകുന്നത് തടയാൻ ആദ്യമെത്തിയത് അടുത്ത വീട്ടിലെ കുഞ്ഞനെന്ന നായയാണ്. കുഞ്ഞനാണ് വീഡിയോയിൽ ജൂലിക്കൊപ്പം ഓടുന്നത്.
പല തവണ കാറിന്റെ മുന്നിൽ കയറി കുഞ്ഞൻ തടയാൻ ശ്രമിച്ചു. ജൂലിയെ യൂസഫ് വഴിയിൽ ഉപേക്ഷിച്ചപ്പോൾ വൈകിട്ട് ആറു മണിക്ക് രക്ഷകരെത്തും വരെ കുഞ്ഞൻ അവൾക്ക് തുണയായി നിന്നു.
ചാലാക്ക രാമൻതറ ഉണ്ണിയുടെ വീട്ടിലെ വളർത്തുനായയാണ് കുഞ്ഞൻ.
തെറ്റുപറ്റി, ക്ഷമിക്കണം : യൂസഫ്
തെറ്റുപറ്റിപോയി, എല്ലാവരും ക്ഷമിക്കണം, അറിഞ്ഞു ചെയ്തതല്ല. എന്തു ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്. യൂസഫിന്റെ വാക്കുകളാണ്. മറ്റു നായ്ക്കളുടെ ശല്യം സഹിക്കാതെ വന്നപ്പോഴാണ് ഇഷ്ടമായിരുന്ന ജൂലിയെ ഉപേക്ഷിക്കാൻ ശ്രമിച്ചത്. ഡിക്കിയിൽ കയറ്റാൻ നോക്കി സാധിക്കാതെ വന്നപ്പോഴാണ് കാറിൽ കെട്ടിയിട്ടത്.
വെള്ളിയാഴ്ച രാത്രി അറസ്റ്റു ചെയ്ത യൂസഫിനെ പുലർച്ചെ ഒരു മണിയോടെയാണ് ജാമ്യത്തിൽ വിട്ടത്.
വീടിനു നേരെ കല്ലേറ്
യൂസഫിന്റെ വീടിനു നേരെ ഇന്നലെ ഉച്ചയോടെ കാറിലെത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞു. രണ്ട് ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. യൂസഫും ഭാര്യയുമാണ് താമസിക്കുന്നത്. രണ്ടു മക്കൾ വിദേശത്താണ്. അത്താണി ടാക്സി സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. രണ്ടുവർഷമായി ഓട്ടത്തിനു പോകാറില്ല. അക്രമം ഭയന്ന് യൂസഫ് തറവാട്ടിലേക്ക് മാറി.
അഗ്രഹാരത്തിൽ ജൂലിയെ കാണാൻ തിരക്ക്
പറവൂർ കണ്ണൻകുളങ്ങരയിലെ കെ.കെ. മഠം അഗ്രഹാരത്തിലെ കൃഷ്ണന്റെ പാറക്കാട്ട് മഠത്തിൽ ഇന്നലെ ജൂലിയെ സന്ദർശിക്കാൻ നിരവധി പേരെത്തി. ജൂലി സുഖംപ്രാപിച്ചു വരുകയാണ്. തെരുവിൽ നിന്ന് ഇത്തരം നായകളെ സംരക്ഷിക്കലാണ് കൃഷ്ണന്റെ ഹോബി. വീട്ടിൽ 16 നായകളുണ്ട്. ഇംഗ്ളീഷ് അദ്ധ്യാപകനായ കൃഷ്ണന്റെ വരുമാനത്തിൽ നല്ലൊരു ഭാഗവും നായ്ക്കൾക്കുള്ളതാണ്. സഹായിക്കാൻ ഏഴിക്കര ക്ഷേത്രത്തിലെ മേൽശാന്തി അനുജൻ അർജ്ജുനനുമുണ്ട്. മൃഗക്ഷേമ സംഘടന ദയയുടെ പ്രവർത്തകനാണ് കൃഷ്ണൻ.
നിരവധി പേർ ജൂലിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. വിദേശത്തു നിന്നു വരെ ഫോൺ വന്നതായി കൃഷ്ണൻ പറഞ്ഞു.
പരിക്കുകൾ ഗുരുതരമല്ല
നായയുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് ആദ്യം ചികിത്സിച്ച പറവൂർ ഗവ. മൃഗാശുപത്രിയിലെ ഡോ. ചന്ദ്രകാന്ത് പറഞ്ഞു. കാലിലും ശരീരത്തിലും റോഡിലുരഞ്ഞ് പരിക്കുണ്ട്. ഇടത്തെ കാലിന് ക്ഷതമേറ്റു. ശരീരത്തിൽ ഉണങ്ങിയ മുറിവുകളും പാടുകളുമുണ്ട്.
പുതിയ പേര് അബ്ബാക്ക
ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷൻ ജൂലിക്ക് അബ്ബക്കാ എന്ന പേര് നൽകി. കർണാടകയുടെ തീരദേശം ഭരിച്ചിരുന്ന ചൗത വംശജയായിരുന്നു കോളനിവാഴ്ചക്കെതിരെ പോരാടിയ അബ്ബക്കാ റാണി.