പള്ളുരുത്തി: തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർത്ഥികൾക്കും അണികൾക്കും വിശ്രമമില്ല.തനിക്ക് വേണ്ടി നാട് നീളെ പതിച്ച പോസ്റ്ററുകളും കട്ടൗട്ടുകളും നീക്കം ചെയ്യുന്ന തിരക്കിലാണവർ. യു.ഡി.എഫിന്റെ ഇടക്കൊച്ചി സ്ഥാനാർത്ഥി അഭിലാഷ് തോപ്പിൽ എൽ.ഡി.എഫിന്റെ തറേഭാഗം സ്ഥാനാർത്ഥി സോണി, വി ഫോർ കൊച്ചിയുടെ മുണ്ടംവേലിയിലെ സ്ഥാനാർത്ഥി മിന്റു മോൾ, കോണം പ്രദേശത്തെ എൻ. ഡി.എ സ്ഥാനാർത്ഥി പ്രിയാ മോൾ എന്നിവരും പോസ്റ്ററുകൾ നീക്കം ചെയ്യാൻ ഇന്നലെ രംഗത്ത് ഇറങ്ങി. പോളിംഗിന് ശേഷം വഴിയോരങ്ങളിൽ നിന്നും ഫ്ലക്സുകളടക്കം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവുണ്ട്. പഞ്ചായത്തുകളായ ചെല്ലാനം, കുമ്പളങ്ങി ഭാഗത്താണ് പോസ്റ്ററുകളുടെയും കട്ടൗട്ടുകളുടെയും പ്രളയം. ത്രിതല പഞ്ചായത്തുകളിലേക്ക് 3 വോട്ടുകളാണുള്ളത്. അതിനാൽ സ്ഥാനാർത്ഥികളുടെ എണ്ണവും ഇവിടെ വളരെ കൂടുതലായിരുന്നു.