mnsonman-
തെക്കൻ പറവൂരിൽ നടന്ന ചടങ്ങിൽ യോഗംയോഗം ജനറൽസെക്രട്ടറിവെളളാപ്പിള്ളി നടേശൻ പി.കെ മുരളീധരനെ ആദരിക്കുന്നു

തൃപ്പൂണിത്തുറ: തൃപ്പൂണി​ത്തുറയി​ലെ സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു നാട്ടുകാർ പി.കെ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന പി.കെ മുരളീധരൻ. ഇദ്ദേഹത്തിന്റെ വിയോഗത്തോടെ "അന്യജീവനുതകീ സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ "എന്ന കവിവാക്യത്തെ ഓർമ്മപ്പെടുത്തുന്ന ഒരു പൊതു പ്രവർത്തകനെയാണ് നാടിനു നഷ്ടമായത്.

തെക്കൻ പറവൂർ പുതുക്കാട്ടു വെളിയിൽ നാരായണൻ കാർത്തിയായിനി ദമ്പതികളുടെ മകനായ പി.കെ മുരളീധരൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ തുടങ്ങിയ പൊതുപ്രവർത്തനം ഏതാനും മാസം മുമ്പ് രോഗശയ്യയിലാകും വരെ അഭംഗുരം തുടർന്നു.

1974 മുതൽ ഷൈൻ ആർട്സ് ക്ലബ്ബിന്റെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് ശ്രീനാരായണ ദർശനങ്ങളിൽ ആകൃഷ്ടനായി എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻ്റ് പ്രവർത്തകനായി. തുടർന്ന് എസ്.എൻ.ഡി.പി യോഗത്തി​നൊപ്പം അണി​ചേർന്നു. വിവിധ ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിച്ചു. ഇക്കാലയളവിൽ യുവാക്കളെ ശ്രീനാരായണ പ്രസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുവാൻ അദ്ദേഹം വലിയ ശ്രമം നടത്തി. നിരവധി യുവാക്കൾ പി​.കെയുടെ ശി​ഷ്യന്മാരായി​ ശാഖാ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ഗുരുദേവ ദർശനങ്ങളെ ആഴത്തിൽ പഠിക്കുവാനും അദ്ദേഹം സമയം കണ്ടെത്തി​. സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ ഗുരുദേവ ദർശനങ്ങളെ അവതരിപ്പിച്ച ഇദ്ദേഹം പിന്നീട് പ്രഭാഷകനെന്ന നി​ലയി​ലും ശ്രദ്ധേയനായി​. കേരളകൗമുദിയിൽ കാൽ നൂറ്റാണ്ടിലേറെക്കാലമായി അസി: സർക്കുലേഷൻ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. കേരളകൗമുദിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ വിലപ്പെട്ട സേവനമാണ് നൽകി വന്നത്. രാവിലെ മുതൽ തന്നെ നിരവധി പേർ വീട്ടിൽ എത്തി മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിച്ചു. എസ്.എൻ.ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.ഡി അഭിലാഷ്, കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം എൽ.സന്തോഷ്, കേരളകൗമുദി കൊച്ചി യൂണിറ്റിനു വേണ്ടി യൂണിറ്റ് ചീഫ് പ്രഭുവാര്യർ, ഡി.ജി.എം റോയ് ജോൺ, സർക്കുലേഷൻ മാനേജർ സി.വി മിത്രൻ, സ്പെഷ്യൽ കറസ്പോണ്ടന്റ് കെ.പി രാജീവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, മുൻ മന്ത്രി കെ.ബാബു, ഐ.എൻ.ടി​.യു.സി നേതാവ് അഡ്വ. കെ.പി ഹരിദാസ്, ടി​.കെ പത്മനാഭൻ മാഷ് , സി.പി.എം ഏരിയാ സെക്രട്ടറി ടി.സി ഷിബു, സുധീർ കുമാർ ചോറ്റാനിക്കര, എറണാകളം ശി​വക്ഷേത്രസമി​തി​ പ്രസി​ഡന്റ് രാജേന്ദ്രപ്രസാദ് തുടങ്ങി​ നാനാതുറകളി​ൽ നി​ന്നും നി​രവധി​ പേർ അന്ത്യാഞ്ജലി​ അർപ്പി​ക്കാനെത്തി​.