പെരുമ്പാവൂർ: വേങ്ങൂർ ഗ്രാമ പഞ്ചായത്തിലെ കൈപ്പിള്ളി വാർഡിൽ 16 കുടുംബങ്ങൾ ചേർന്നു നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കിണർ താഴ്ത്താൻ സൗജന്യമായി സ്ഥലം വിട്ടു നൽകിയ അഡ്വ. ബേസിൽ മാത്യുവിന്റെ മാതാവ് ഏലിയാമ്മ കോര നിർവഹിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളും നാട്ടുകാരും ചേർന്നാണ് കിണർ നിർമ്മിച്ചത്. കിണർ കെട്ടി സംരക്ഷിക്കുന്നതിനും മോട്ടോർ, പമ്പ് സെറ്റ്, പൈപ്പുകൾ, മോട്ടോർ പുര എന്നിവയ്ക്ക് രണ്ടര ലക്ഷം രൂപയോളം ചെലവായി. പദ്ധതി പ്രദേശത്തെ കുടുംബങ്ങളും വിവിധ സ്ഥാപനങ്ങളും സംഘടനകളും ചേർന്നാണ് തുക കണ്ടെത്തിയത്. മുൻ എം.എൽ.എ. സാജു പോൾ, അഡ്വ.ബേസിൽ മാത്യു, ഗുണഭോക്ത സമിതി കൺവീനർ, എം.വൈ. എൽദോ, ട്രഷറർ പി.എ. രാജൻ എന്നിവർ പ്രസംഗിച്ചു.