പെരുമ്പാവൂർ: പെരുമ്പാവൂരിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഇരിങ്ങോൾ നാഗഞ്ചേരി മനയും ചിൽഡ്രൻസ് പാർക്കും ഇന്ന് മുതൽ സന്ദർശകർക്കായി തുറക്കും. നഗരസഭയുടെ കീഴിൽ ഇരിങ്ങോൾക്കാവിന് സമീപമുളള മനയും പാർക്കും കൊവിഡ് പശ്ചാത്തലത്തിൽ മാർച്ച് മുതൽ അടച്ചിട്ടിരിക്കുകയാണ്. എണ്ണൂറ് വർഷത്തിന് മുകളിൽ പഴക്കമുളള നാഗഞ്ചേരി മന എട്ടുകെട്ട് മാതൃകയിൽ നിർമ്മിച്ചതാണ്. ഇരിങ്ങോൾ വനത്തിനോട് ചേർന്ന് ഏകദേശം രണ്ടര ഏക്കറിലാണ് പുതുതായി നിർമ്മിച്ച ചിൽഡ്രൻസ് പാർക്ക്. ഇതിനോട് ചേർന്നായി കോഫിഷോപ്പ്, ഐസ്‌ക്രീം പാർലർ, പാർക്കിംഗ് സൗകര്യം, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്.