കൊച്ചി: പഞ്ചായത്തു തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാെനത്തിയ ദമ്പതികളെ തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്തതായി കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ വി.ടി.ഷാജൻ അറിയിച്ചു. പ്രദേശവാസികളായ അസീസ്, ഫൈസൽ, രഞ്ജിത്, ജാഫർ എന്നിവരും കണ്ടാലറിയാവുന്ന മറ്റു 12 പേർക്കെതിരെയുമാണ് കേസ്. അന്യായമായി സംഘം ചേർന്ന് വോട്ടു രേഖപ്പെടുത്താനെത്തിയ ദമ്പതികളെ ഭീഷണിപ്പെടുത്തുകയും, ആക്രമിക്കുകയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനുമാണ് കേസ്. കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് മദ്രസ വാർഡിലാണ് വോട്ടെടുപ്പുദിവസം ആക്രമണമുണ്ടായത്. 14 വർഷമായി വാടകക്കു താമസിക്കുന്നവരാണ് വോട്ടു രേഖരപ്പെടുത്താനെത്തിയത്. കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിലും ഇതേ ബൂത്തിൽ ഇവർ വോട്ടു ചെയ്തിരുന്നു, നിലവിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുമുണ്ട്. ഇവരെയാണ് സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചത്. വാടകക്ക് താമസിക്കുന്നവരെ വോട്ടു ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ദമ്പതികളെ തടഞ്ഞു നിർത്തി അക്രമിച്ചത്. വയനാട് സ്വദേശികളും നിലവിൽ കഴിഞ്ഞ 14 വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നവരുമായ ശ്രീജിത്ത്, പ്രിന്റു എന്നിവർക്കാണ് മർദ്ദനമേറ്റത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പോളിംഗ് ബൂത്തിനടുത്ത് തടിച്ചു കൂടിയ 50 പേർക്കെതിരെ മറ്റൊരു കേസും കുന്നത്തുനാട്ടിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.