നെടുമ്പാശേരി: ഓടുന്ന കാറിന് പിന്നിൽ വളർത്തുനായയെ കെട്ടിയിട്ടതിന്റെ വീഡിയോ കൗതുകത്തിനാണ് ആദ്യം പകർത്തിയതെങ്കിലും ഗൗരവം തോന്നി വീണ്ടുമെത്തിയപ്പോഴാണ് നായ റോഡിൽ നിരങ്ങിപ്പോകുന്നത് കണ്ടതെന്ന് വൈറലായ വീഡിയോ പകർത്തിയ അഖിൽ ശെൽവൻ 'കേരളകൗമുദി'യോട് പറഞ്ഞു. അഖിലിന് ഇന്നലെ അഭിനന്ദനപ്രവാഹമായിരുന്നു.
തൊഴിൽ ആവശ്യത്തിന് റഷ്യയിലേക്ക് പോകുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച രാവിലെ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ പി.സി.ആർ ടെസ്റ്റ് നടത്തി മടങ്ങുമ്പോഴാണ് ഈ രംഗങ്ങൾ അഖിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. കാറിന് ഏകദേശം 30 കിലോമീറ്ററായിരുന്നു വേഗത. അതിനാൽ ബൈക്ക് ഓടിച്ചുകൊണ്ട് തന്നെയാണ് മൊബൈൽ ഫോണിൽ പത്ത് സെക്കന്റ് ദൈർഘ്യത്തിൽ വീഡിയോ പകർത്തിയത്. തുടർന്ന് കാറിനെ മറികടന്ന് പോയെങ്കിലും ദൃശ്യം മനസിൽ നിന്ന് മാഞ്ഞില്ല. അതുകൊണ്ടാണ് തിരികെ എത്തിയത്.
ഈ സമയം നായ റോഡിൽ നിരങ്ങിപോകുകയായിരുന്നു. ഈ രംഗവും എട്ട് സെക്കന്റ് പകർത്തി. തുടർന്ന് കാർ ഡ്രൈവറെ തടഞ്ഞുനിർത്തി കാര്യം പറഞ്ഞു. ഉപേക്ഷിക്കാനുള്ള നായയാണെന്ന് പറഞ്ഞ് അയാൾ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ താൻ മടങ്ങുകയും ചെയ്തു. വീട്ടിലെത്തി സുഹൃത്തിന് അയച്ചുകൊടുത്തു. ഇത്രയും വൈറലാകുമെന്നോന്നും പ്രതീക്ഷിച്ചില്ല. അഖിൽ പറഞ്ഞു.
എടയാറിലെ കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായിരുന്നു അഖിൽ.
മേയ്ക്കാട് കരിമ്പട്ടൂർ വീട്ടിൽ ശെൽവരാജിന്റെയും ഓമനയുടെയും മകനാണ്. സെൽവരാജ് അങ്കമാലി കാൻകോർ കമ്പനി ജീവനക്കാരനാണ്. ജേഷ്ഠസഹോദരൻ കർണാടയിൽ എ.വി.ടി കമ്പനിയിലെ ജീവനക്കാരനാണ്.
ബി.ജെ.പി ആദരിച്ചു
നെടുമ്പാശേരി: നായയോടുള്ള ക്രൂരത പൊതു സമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ച മേയ്ക്കാട് സ്വദേശി അഖിലിനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ വീട്ടിലെത്തി ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുൺ കുമാർ പണിക്കർ, അനിൽ, കെ.ആർ. ഷിബു, സനി മയൂര എന്നിവർ പങ്കെടുത്തു.