
കേരളത്തിൽ ഒരു ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞു. ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ഈ പ്രാഥമിക ഘട്ടം പതിവില്ലാത്ത വീറിലും വാശിയിലുമാണ് ഇക്കുറി മൂന്ന് മുന്നണികളും നേരിട്ടത്. കൊവിഡ് മഹാമാരിയുടെ ഭയാശങ്കകൾ തിരഞ്ഞെടുപ്പിനെ കാര്യമായൊന്നും ബാധിച്ചില്ല. പലവിധ രാഷ്ട്രീയ തർക്കങ്ങളും പ്രചാരണരംഗത്തെ പ്രകമ്പനം കൊള്ളിച്ചു.
ആരു തോറ്റു ആരു ജയിച്ചു എന്നതല്ല ഇനി പ്രശ്നം. ഈ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പരീക്ഷണശാലയായി കാണേണ്ടതുമില്ല. രാഷ്ട്രീയത്തിനതീതമായി കുടുംബ, വ്യക്തി ബന്ധങ്ങളും പരസ്പര സ്നേഹവും സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസവും കഴിവുകളും കാര്യക്ഷമതയും ഒക്കെയാണ് തദ്ദേശതിരഞ്ഞെടുപ്പിൽ സാധാരണ വോട്ടർമാരുടെ പരിഗണനാ വിഷയങ്ങൾ. നാമമാത്രമായ വോട്ടുകളുടെ വ്യത്യാസമേ ജയിച്ചവരും തോറ്റവരും തമ്മിലുള്ളൂതാനും. അതുകൊണ്ടുതന്നെ രാഷ്ട്രീയനിലപാടുകളുടെ വിലയിരുത്തലായി കണക്കാക്കി മാർക്കിടേണ്ടതല്ല ഈ ജനവിധി.
ത്രിതല പഞ്ചായത്തുകൾ നാടിന്റെയും ജനങ്ങളുടെയും സമഗ്രമായ പുരോഗതിക്ക് വഴിയൊരുക്കേണ്ട സംവിധാനങ്ങളായി പുതിയ ഭരണസമിതികളും ജനപ്രതിനിധികളും തിരിച്ചറിയണം. രാഷ്ട്രീയ വ്യത്യാസങ്ങളൊക്കെ മാറ്റിവച്ച് കാലം മാറിയതും തലമുറകൾ മാറിയതും മനസിലാക്കി പുതിയ സമീപന രീതികളും ശൈലികളും കൈക്കൊള്ളേണ്ട സമയമാണിത്. ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയെയും നടത്തിപ്പിനെയും സമീപനങ്ങളെയും കുറിച്ച് സ്വയമൊന്ന് വിലയിരുത്തിയാൽ മാത്രം മതിയാകും ഈ തിരിച്ചറിവിന്.
ലോകം അംഗീകരിച്ച ഭരണസംവിധാനമാണ് ജനാധിപത്യം. അതിനെ വെല്ലുന്ന മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടുമില്ല. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ കരുത്തും സൗന്ദര്യവും ജനാധിപത്യമാണെന്ന് നിസംശയം പറയാം. ജനാധിപത്യം സാർത്ഥകമാകണമെങ്കിൽ ജനങ്ങളുടെ ജീവിതപരിസരങ്ങളും ചിന്തകളും വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക നിലവാരവും അതിന് അനുസൃതമാകണം. നിർഭാഗ്യവശാൽ ഏഴ് പതിറ്റാണ്ടുകൾ ജനാധിപത്യത്തിലൂടെ കടന്നുപോയിട്ടും ഇന്ത്യയൊട്ടാകെ അങ്ങനെയൊരു സാഹചര്യം കെട്ടിപ്പടുക്കാനായിട്ടില്ല.
അധികാരമേറിയവരുടെ ഭാവനാശൂന്യതയും കഴിവുകേടും രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്ക് വേണ്ട വികസനങ്ങൾ നടപ്പാക്കുന്നതിൽ വന്ന പരാജയവുമാണ് കാരണം. പക്ഷേ കേരളം പോലെ താരതമ്യേന സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഇന്ത്യൻ നിലവാരത്തെക്കാൾ വളരെയേറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനത്തിന് ത്രിതല ജനാധിപത്യ സംവിധാനത്തിൽ വലിയ തോതിൽ മുന്നേറ്റമുണ്ടാക്കാനുള്ള ശേഷിയും സാഹചര്യങ്ങളുമുണ്ട്. ഒന്നു പിൻതിരിഞ്ഞു നോക്കിയാൽ ഇക്കാര്യത്തിൽ കേരളം പരാജയമാണെന്ന് പറയേണ്ടിവരും.
ഒരു പ്രദേശത്തിന്റെ പുരോഗതിയുടെ അടിസ്ഥാനശില തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമതയാണ്. അവിടുത്തെ ജനപ്രതിനിധികൾക്കും ഭരണസമിതികൾക്കും ഒട്ടേറെ ഉത്തരവാദിത്വങ്ങളും ബാദ്ധ്യതകളുമുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും അടിസ്ഥാനസൗകര്യങ്ങളുടെ ആവശ്യങ്ങളും തൊട്ടറിയുന്നവരാണ് ഇവർ. ദൗർഭാഗ്യമെന്ന് പറയട്ടെ തങ്ങളിൽ അർപ്പിതമായ കടമകളെക്കുറിച്ച് ഇവരിൽ ഭൂരിഭാഗം പേർക്കും കൃത്യമായ ധാരണകളൊന്നുമില്ല.
സങ്കുചിതമായ രാഷ്ട്രീയ വീക്ഷണങ്ങളും വ്യക്തിതാത്പര്യങ്ങളും അഴിമതിയും സ്വജനപക്ഷപാതവും കഴിവുകേടുകളും കൊടികുത്തി വാഴുന്ന മേഖലയാണ് തദ്ദേശതലം. ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചേർന്നുള്ള സ്വാർത്ഥസംഘങ്ങളാണ് കേരളത്തിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ഇക്കാലമത്രയും ഭരിച്ചുവന്നത്.
ഇന്ത്യ ചാന്ദ്രപര്യവേഷണവും ഗഗൻയാനും ഉപഗ്രഹഛേദന റോക്കറ്റ് പരീക്ഷണവും നടത്തുന്ന കാലത്താണ് നന്നായി ഒരു കാന പോലും പണിയാൻ കഴിവില്ലാത്ത കോർപ്പറേഷനുകളും പഞ്ചായത്തുകളും ജനങ്ങൾക്ക് മുന്നിൽ നാണംകെട്ടു നിൽക്കുന്നത്.
ക്ഷേമപദ്ധതികളുടെ കുറവോ, ഫണ്ടുകളുടെ അപര്യാപ്തതയോ അല്ല ഈ അവസ്ഥയ്‌ക്ക് കാരണം. കടലിൽ കായം കലക്കുന്ന പോലെ വർഷാവർഷം ശതകോടികളാണ് ഇവർ താഴേത്തട്ടിൽ ചിലവഴിക്കുന്നത്. ഗുണഭോക്താക്കൾക്ക് ഗുണകരമോ ഗുണമേന്മയുള്ളതോ ആയ പദ്ധതികൾക്ക് പകരം എങ്ങനെ ഈ ഫണ്ടിന്റെ ഗണ്യമായ ഭാഗം പോക്കറ്റിലാക്കാമെന്ന ചിന്തമാത്രമേ നടത്തിപ്പുകാർക്കുള്ളൂ.
ഇതിനൊക്കെ ഒരു മാറ്റമുണ്ടാകേണ്ട സമയം കൂടിയാണിത്. കൊവിഡ് മഹാമാരി പകർന്ന പ്രതിസന്ധികൾക്കൊപ്പം അവസരങ്ങളും തിരിച്ചറിയണം. ആധുനിക സംവിധാനങ്ങൾ ഇത്രയേറെ കാര്യക്ഷമായി ജനജീവിതത്തിൽ പ്രയോജനപ്പെട്ട സന്ദർഭം ഉണ്ടായിട്ടില്ല.
പുതിയ ജനപ്രതിനിധികളിൽ ചെറുപ്പക്കാർ പതിവിലേറെയുണ്ട്. പകുതിയിലേറെ വനിതകളുണ്ട്. വിദ്യാസമ്പന്നരും പ്രൊഫഷണലുകളുമായ ആയിരങ്ങളുണ്ട്. ആശയങ്ങളും ഭാവനകളും ചെറുപ്പത്തിന്റെ ആവേശവും ആത്മാർത്ഥതയും ആവോളമുണ്ട്. കക്ഷി രാഷ്ട്രീയ വൈരങ്ങൾ മറന്ന്, സ്വന്തം നാടിന്റെ, നാട്ടുകാരുടെ നല്ല ജീവിതം സ്വപ്നം കാണാൻ കഴിയുന്നരാണ് ഇവരിലേറെയും. യാഥാർത്ഥ്യ ബോധം ഉൾക്കൊണ്ട്, ധാർഷ്ട്യമില്ലാതെ ജനങ്ങളോട് വിനയപൂർവം പെരുമാറി, തെറ്റുകൾ അംഗീകരിച്ച്, തിരുത്തലുകൾ വരുത്തി, പുതിയ പരീക്ഷണങ്ങൾക്ക് സധൈര്യം മുന്നിട്ടിറങ്ങി ജനക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ ഇവർക്ക് കഴിയുമെന്ന് വിശ്വാസമുണ്ട്.
പുതിയ ലോകത്തെ ഉൾക്കൊള്ളുന്ന, പുതിയ യുവതയെ പ്രതിനിധീകരിക്കുന്ന, നാടിനെക്കുറിച്ചുള്ള അവരുടെ സങ്കല്പങ്ങളും ആശങ്കകളും പരിഹരിക്കാൻ കഴിയുന്നവരാണ് ഈ സംഘം. കേരളത്തിന്റെ ഭാവി നിങ്ങളുടെ കൈകളിലാണ്. ഇത്രയും കാലം തുടർന്ന് വന്ന പഞ്ചായത്ത് ഓഫീസുകളിലെ ജീർണിച്ച രാഷ്ട്രീയ, ഉദ്യോഗസ്ഥ കുതന്ത്രങ്ങളും അഴിമതി പദ്ധതികളും കെട്ടുകാഴ്ചകളും ഉപേക്ഷിച്ച് പുതിയൊരു വികസന സംസ്കാരം കൊണ്ടുവരാൻ കഴിയണം.
മാതൃകാ ജനപ്രതിനിധികളായി ഭാവി കേരള രാഷ്ട്രീയത്തിന്റെ പതാകാവാഹകരാകാൻ കരുത്തുണ്ടാകട്ടെ ഇവർക്കെല്ലാം.