
കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ രണ്ട് പ്രധാന വിദ്യാലയങ്ങളും തിരിച്ചുപിടിച്ചു. മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ , എസ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, സി.ഐ.എസ്.എഫ് , പൊലീസ് എന്നിവരുൾപ്പെടുന്ന സംഘം ഇന്നലെ സ്കൂളുകളിലെത്തിയാണ് ഗെയിറ്റുകൾ പൂട്ടി സീൽ ചെയ്ത് നോട്ടീസ് പതിപ്പിച്ച്. ശക്തമായ കാവലും ഏർപ്പെടുത്തി. 2019 മാർച്ചിൽ ലീസ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് സ്കൂൾ നടത്തിപ്പിന് പുതിയ ടെൻഡർ വിളിച്ചിരുന്നു. എന്നാൽ നിലവിൽ ലീസിനെടുത്ത സ്വകാര്യ സ്കൂൾ മാനേജ്‌മെന്റ് ഇതിൽ പങ്കെടുത്തില്ല. തുടർന്ന് കസ്തൂർബാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നടത്തിപ്പിനുള്ള ടെൻഡർ ലഭിച്ചു. എങ്കിലും സ്കൂളുകൾ ഒഴിയാൻ നേരത്തെ ലീസിനെടുത്ത സ്വകാര്യ സ്കൂൾ മാനേജ്‌മെന്റ് തയ്യാറായില്ല. കോടതി നടപടിയെ തുടർന്ന് കൈമാറ്റം നീണ്ടു. ഒടുവിൽ ടെണ്ടർ ലഭിച്ച കസ്തൂർബാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായി.
ഇതിനിടെ ഫാക്ട് മാനേജ്മെന്റ് വീണ്ടും പല തവണ നോട്ടീസ് കൊടുത്തിട്ടും സ്വകാര്യ മാനേജ്‌മെന്റ് സ്കൂൾ ഒഴിയാൻ തയ്യാറായില്ല. ശേഷമാണ് അധികൃതരുടെ നേതൃത്വത്തിൽ സ്കൂൾ ഏറ്റെടുത്തത്. ഒന്നാം ക്ലാസ് മുതൽ 10 വരെയുള്ള ഫാക്ട് ഉദ്യോഗമണ്ഡൽ സ്കൂളും, ഒന്നു മുതൽ ഏഴുവരെയുള്ള എയ്ഡഡ് സ്‌ക്കൂളാണ് ഫാക്ട് ഈസ്റ്റേൺ യൂ.പി സ്‌കൂൾ. 2004ലാണ് 15 വർഷത്തെ ലീസിനാണ് സ്വകാര്യ മേഖലക്ക് കൈമാറിയത്. സ്വകാര്യ മാനേജ്‌മെന്റിന്റേതായി സ്ഥാപനത്തിലുള്ള സകല വസ്തുക്കളും മാറ്റി താക്കോൽ കൈമാറിയാൽ വിദ്യാലയങ്ങൾ രണ്ടും ഏറ്റെടുത്ത് ഭംഗിയായി നടത്തുമെന്നും നിലവിലുള്ള വിദ്യാർത്ഥികളുടെ പഠനം തുടരാനും ഏറ്റെടുക്കാനും തയ്യാറാണെന്നും കസ്തൂർബാ സ്കൂൾ മാനേജർ ഗോപാലകൃഷ്ണൻ പറഞ്ഞു.