
കൊച്ചി: ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ പള്ളികളിൽ പ്രവേശിച്ച് ആരാധന നടത്താനുള്ള യാക്കോബായ വിഭാഗത്തിന്റെ ശ്രമം തടഞ്ഞത് സംഘർഷം സൃഷ്ടിച്ചു. ഗേറ്റുകൾ അടച്ചിട്ടും പൊലീസ് സംരക്ഷണത്തിലുമാണ് പ്രവേശനം തടഞ്ഞത്. ഒരു പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തിയതായി യാക്കോബായ വിഭാഗം പറഞ്ഞു.
അത്തനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് വിശ്വാസികളെത്തിയത്. കവാടം തുറക്കാൻ ഓർത്തഡോക്സ് വിഭാഗവും പൊലീസും തയ്യാറാകാത്തത് സംഘർഷത്തിന് കാരണമായി. കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഒസ്താസിയോസ് ഐസക് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിയിലും സെമിത്തേരിയിലും പ്രാർത്ഥിച്ചു. പള്ളിക്കു മുൻപിൽ തടഞ്ഞെങ്കിലും വിശ്വാസികൾ പിന്മാറാൻ തയ്യാറായില്ല. തുടർന്നാണ് പ്രാർത്ഥിക്കാൻ അനുവദിച്ചത്.
തൃശൂർ ചേലക്കര സെന്റ് ജോർജ്, മാന്ദാമംഗലം സെന്റ് മേരീസ്, ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്, പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ്, എറണാകുളം വടകര സെന്റ് മേരീസ്, കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്റ്റീഫൻസ്, കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്, പഴന്തോട്ടം സെന്റ് മേരീസ് , പുത്തൻകുരിശ് വാരിക്കോലി സെന്റ് മേരീസ്, കോട്ടയം തിരുവാർപ്പ് മർത്തശ്‌മൂനി, പെരുമ്പാവൂർ ബഥേൽ സുലേക്കാ, ഇടുക്കി മുളപ്പുറം സെന്റ് ജോർജ്, കൊല്ലം കട്ടച്ചിറ സെന്റ് മേരീസ് തുടങ്ങിയ പള്ളികളിലാണ് പ്രവേശിക്കാൻ ശ്രമിച്ചത്.ആരാധനയിൽ വിശ്വാസികൾക്ക് പങ്കെടുക്കാമെന്നും വൈദികരെ അനുവദിക്കില്ലെന്നും ഓർത്തഡോക്സ് വിഭാഗം അറിയിച്ചിരുന്നു. മെത്രാപ്പൊലീത്തമാരും വൈദികരുമെത്തിയതോടെ പൊലീസ് തടയുകയായിരുന്നു. പള്ളികൾക്ക് മുന്നിൽ പ്രാർത്ഥന നടത്തി വിശ്വാസികൾ പിരിഞ്ഞു.മെത്രാപ്പൊലീത്തമാരായ ഒസ്താസിയോസ് ഐസക്, ക്ളിമിസ് കുര്യാക്കോസ്, യൗസേബിയോസ് കുര്യാക്കോസ്, തെയോഫിലോസ് കുര്യാക്കോസ്, അലക്സന്ത്രയോസ് തോമസ്, യൗസേബിയൂസ് കുര്യാക്കോസ്, ക്ളിമിസ് കുര്യാക്കോസ്, തിമോത്തിയോസ് തോമസ്, അഫ്രേം മാത്യൂസ്, തിമോത്തിയോസ് മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാന പ്രകാരമാണ് ഇന്നലെ രാവിലെ 8.30 ഓടെ പള്ളികളിൽ വിശ്വാസികളെത്തിയത്.
വാഹനയാത്ര നാളെ മുതൽ
പള്ളികൾ തിരികെ ലഭിക്കാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ വാഹനയാത്ര നാളെ വയനാട് മീനങ്ങാടിയിൽ നിന്നാരംഭിക്കും. 29ന് തിരുവനന്തപുരത്തെത്തും. ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് ഭീമഹർജി സമർപ്പിക്കും. ജനുവരി ഒന്നിന് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. സഭാതലവൻ ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
ആരാധനാ സ്വാതന്ത്ര്യം സമരമുറയാക്കുന്നത് വെല്ലുവിളിയെന്ന് ഓർത്തഡോക്സ് സഭ
കോട്ടയം: ആരാധനാസ്വാതന്ത്ര്യം സമരമുറയാക്കുന്നത് ക്രൈസ്തവ വിരുദ്ധവും നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. ആരാധനയ്ക്ക് എത്തുന്ന വിശ്വാസികളെ തടയില്ലെന്ന നിലപാടിൽ മാറ്റമില്ല, എന്നാൽ സമാധാന ചർച്ചകൾ തുടരണമെന്ന് ആവശ്യപ്പെടുകയും അക്രമമാർഗങ്ങൾ അവലംബിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്.
പള്ളി പിടിത്തത്തിനും ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച് ആരാധനാലയങ്ങൾ പൂട്ടിക്കുന്നതിനും ഉള്ള നടപടിയാണ് പാത്രിയർക്കീസ് വിഭാഗം നടത്തുന്നത്. പരമോന്നത നീതിപീഠത്തിൽനിന്നുള്ള വിധി രാജ്യത്തിന്റെ നിയമമാണ്. സംഘടിത ശ്രമത്തിലൂടെ നിയമം അട്ടിമറിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ധ്വംസനവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. തിരഞ്ഞെടുപ്പ് കാലത്ത് സംഘർഷ സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടോയെന്ന് പരിശോധിച്ച് നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.