
കൊച്ചി: നയതന്ത്രചാനൽവഴി സ്വർണം കടത്തിയ കേസിലും വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും പ്രതികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ് എന്നിവരെ മൂന്നുദിവസം ജയിലിൽ ചോദ്യം ചെയ്യാൻ ഇ.ഡി നൽകിയ അപേക്ഷ കോടതി ഇന്നു രാവിലെ പരിഗണിക്കും. ഇരു പ്രതികളും കസ്റ്റംസിനു നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇ.ഡി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു പുറമെ ചില ഉന്നതർക്കുകൂടി പങ്കുണ്ടെന്ന് സ്വപ്നയും സരിത്തും കസ്റ്റംസിനോടു വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിനെ ചോദ്യംചെയ്തതിൽ നിന്ന് ചില നിർണായക വിവരങ്ങൾ ലഭിച്ചതായും കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ഇ.ഡി ഇരുവരെയും ജയിലിൽ ചോദ്യം ചെയ്യാൻ അനുമതിതേടിയത്.