കൊച്ചി: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയുടെ റൈസിംഗ് സ്റ്റാർസ് പട്ടികയിൽ കാലടി ശ്രീശങ്കര കോളേജ് കെമിസ്ട്രി വിഭാഗം അദ്ധ്യാപിക ഡോ. ശ്രീകല എം.എസ് സ്ഥാനം കരസ്ഥമാക്കി. 2019ൽ ലോകത്തിന് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞരിൽനിന്ന് തിരഞ്ഞെടുത്ത ഏറ്റവും മികച്ച രണ്ടുശതമാനം ആളുകൾ ഉൾപ്പെട്ട 'റൈസിംഗ് സ്റ്റാർസ്' പട്ടികയിലാണ് ഇടംനേടിയത്. സ്റ്റാർച്ച് പോലുളള പ്രകൃതിദത്തവസ്തുക്കളിൽ നിന്ന് പരിസ്ഥിതിസൗഹൃദമായ മികച്ച ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചതിനാണ് ഡോ. ശ്രീകല നേട്ടം സ്വന്തമാക്കിയത്. ജർമ്മൻ സർക്കാരിന്റെ അലക്‌സാണ്ടർ വോൺ ഹുബോൾട്ട് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനും ജപ്പാൻ സർക്കാരിന്റെ ജെ.എസ്.പി.എസ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനും അർഹയായിട്ടുണ്ട്. അമ്പതിലേറെ രാജ്യാന്തര ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.
2019ൽ ജപ്പാൻ ഗവൺമെന്റിന്റെ ക്ഷണമനുസരിച്ച് വകയാമയിൽ നടന്ന ഫ്യൂച്ചർ ജനറേഷൻ സിമ്പോസിയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. എം.ജി സർവകലാശാലയിൽനിന്ന് എം.ഫില്ലും ഡോ. സാബു തോമസിന്റെ മേൽനോട്ടത്തിൽ പി.എച്ച്.ഡിയും നേടി. കോട്ടയം പാമ്പാടി ശ്രീഭവനിൽ പരേതനായ പി.ഐ. സദാശിവന്റെയും പി.കെ. സുമതിയുടെയും മകളും ആലുവ ആസാദ് റോഡ് പൗർണമിയിൽ അഡ്വ. പി.ആർ. ശ്രീകുമാറിന്റെ ഭാര്യയുമാണ്.