renjini

കളമശേരി: കേളികൊട്ടില്ല. ചുവടുകളും വാദ്യമേളവും നിലച്ചു. നല്ലനാളുകൾ തിരശീലയ്ക്ക് പിന്നിലായി. ഓർമ്മകളുടെ കഥകളിപ്പാട്ടിന് താളം പിടിച്ച് എന്നന്നേക്കുമായി മണ്ണടിയാൻ കാത്ത് കളമശേരി എഫ്.എ.സി.ടി കഥകളിക്കളരി. 1965ൽ സ്ഥാപിതമായ കഥകളിക്കളരി 2014ലാണ് പ്രവർത്തനം അവസാനിപ്പിച്ചത്. ലേഡീസ് ഹോസ്റ്റലായും ക്വോർട്ടേഴ്സായും മാറ്റിയെങ്കിലും അറ്റകുറ്റപ്പണികളൊന്നും നടത്തിയില്ല. ഒരു കാലത്ത് പ്രഗത്ഭരുടെ കേന്ദ്രമായിരുന്നു കളരി.

കഥകളി ജനകീയമാകാൻ

ഫാക്ട് മുൻ ചെയർമാൻ എം.കെ.കെ നായരാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ ഭാഗമായി കഥകളിക്കളരി ആരംഭിക്കുന്നത്. തനത് കലാരൂപമായ കഥകളി അന്യം നിന്ന് പോകാതിരിക്കാനും ഒപ്പം കൂടുതൽ ജനകീയമാക്കുകയുമായിരുന്നു ലക്ഷ്യം. ആദ്യ ബാച്ചിൽ ഏഴ് പേർ കഥകളിക്കളരിയിൽ ദക്ഷിണവച്ചു. ഏഴ് വർഷമായിരുന്നു കോഴ്സ്. പിന്നീടിത് ആറായി ചുരുക്കി. ആദ്യ ഘട്ടത്തിൽ 45 രൂപ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് അനുവദിച്ചിരുന്നു. ഇത് 50 രൂപയാക്കി പിന്നീട് ഉയർത്തി. നിരവധി പ്രമുഖർ കളരിയിൽ കഥകളി അവതരിപ്പിപ്പിക്കുകയും അഭ്യസിക്കുകയും ചെയ്തിട്ടുണ്ട്.

പ്രമുഖരുടെ നീണ്ട നിര

കേശവൻ (ചെണ്ട) കുടമാളൂർ കരുണാകരൻ, വൈക്കം കരുണാകരൻ (വേഷം) ,ചാലക്കുടി നമ്പീശൻ, ശങ്കരവാര്യർ (മദ്ദളം ) കലാമണ്ഡലം ഹൈദരാലി , ശങ്കരൻ എമ്പ്രാന്തിരി ( പാട്ട്), ഫാക്ട് ഭാസ്കരൻ എന്നിവരായിരുന്നു കളരിയിലെ ആദ്യകാല ആശാൻമാർ. രാവിലെ 7 മുതൽ 9 വരെയും വൈകീട്ട് 4ന് ശേഷവുമായിരുന്നു കളരി. വൈകീട്ട് ക്ലാസ് കഴിഞ്ഞ് തൃപ്പൂണിത്തുറയിലെ വീടുകളിലെത്തുമ്പോൾ രാത്രി വൈകുന്നത് തിരിച്ചറിഞ്ഞ് കേശവനും കരുണാകരനും ഫാക്ട് താമസിക്കാൻ ക്വാർട്ടേഴ്സ് അനുവദിച്ചിരുന്നു.

വ്യാഴ്ചകളിലെ കഥകളി അരങ്ങ്

എല്ലാ വ്യാഴാഴ്ച കളിലും കളരിയിൽ കഥകളിയുണ്ടാവും. വിദേശികളുൾപ്പടെ നിരവധിപ്പേർ ഈ ദിവസങ്ങളിൽ കഥകളി കാണാനും ഇതേക്കുറിച്ച് പഠിക്കാനും ഇവിടെ എത്തിയിരുന്നു.