വൈപ്പിൻ :ചെറായി വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ പള്ളിയിൽ ഇന്നലെ രാവിലെ പ്രാർത്ഥനക്ക് എത്തിയ യാക്കോബായ വിഭാഗത്തിന് പള്ളിയിൽ കയറാനായില്ല. പള്ളി ഭരണം നടത്തുന്ന ഓർത്തഡോക്‌സ് വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് പള്ളി വളപ്പിൽ ക്യാമ്പ് ചെയ്തിരുന്ന മുനമ്പം എസ്.ഐ എ.കെ. സുധീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യാക്കോബായകാരെ തടഞ്ഞു.പള്ളിയിൽ കയറാനാകാതെ വന്നതിനെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ മുപ്പതോളം യാക്കോബായ വിശ്വാസികൾ പള്ളിക്ക് മുന്നിലെ റോഡിൽ ഫാ. സ്ലീബയുടെ കാർമ്മികത്വത്തിൽ പ്രാർത്ഥന നടത്തിയതിന് ശേഷം പിരിഞ്ഞുപോയി. ഫാ. പ്രിൻസിന്റെ കാർമികത്വത്തിൽ ഓർത്തഡോക്‌സ് വിഭാഗം പള്ളിക്ക് അകത്ത് കുർബാന നടത്തി.
സുപ്രീംകോടതിയുടെയും എറണാകുളം ജില്ലാ കോടതിയുടെയും വിധികൾ അനുസരിച്ച് ഓർത്തഡോക്‌സ് വിഭാഗത്തിന് പള്ളി കൈമാറിയിട്ട് ഒരുവർഷത്തോളമായി. യാക്കോബായ വിഭാഗത്തിൽപ്പെട്ട പതിനെട്ട് പേർക്കും ബന്ധപ്പെട്ട മറ്റുള്ളവർക്കും പള്ളിയിൽ പ്രവേശനം ജില്ലാ കോടതി തടഞ്ഞിട്ടുമുണ്ട്.
ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറികിട്ടിയ അയ്യമ്പിള്ളി സെന്റ് ജോൺസ് പളളിയിൽ പള്ളി അധിക്രതരുടെ അപേക്ഷയനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നുവെങ്കിലും എതിർപക്ഷക്കാരാരും പളളിയിൽ എത്തിയില്ല. ഇവിടെ അറ്റുകുറ്റ പണികൾ നടക്കുന്നതിനാൽ ആരാധനയുമില്ല. ഒരു കിലോമീറ്റർ അകലെ മനപ്പിള്ളി ചാപ്പലിൽ ഓർത്തഡോക്‌സ് വിഭാഗം ഫാ. സാംസൺ സാമുവൽ വർഗീസിന്റ് കാർമികത്വത്തിൽ പ്രാർത്ഥന നടത്തി.ഇവിടെയും എതിർവിഭാഗം എത്തിയില്ല.