link-horizon-s
മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന് മുമ്പിൽ നടന്ന സമരം ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: വീട്ടുതടങ്കലിലെ പീഡനത്തിൽനിന്നും രക്ഷപ്പെടാൻ സാരി കെട്ടിത്തൂങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ യുവതി മരിക്കാനിടയാടായ സംഭവത്തിൽ ഫ്ളാറ്റ് ഉടമയെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആവശ്യപ്പെട്ടു. മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന് മുമ്പിൽ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേസ് തേച്ചുമായ്ച്ചുകളയാൻ ആസൂത്രിതനീക്കം നടക്കുന്നുണ്ട്. കേസ് അട്ടിമറിക്കപ്പെടാനും സാദ്ധ്യതയുണ്ട്. സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ കുറ്റകരമായ മൗനത്തിലാണ്. മനുഷ്യാവകാശപ്രവർത്തകരും സാംസ്കാരിക നായകന്മാരും മാറിനിൽക്കുകയാണ്. സംഭവത്തിൽ വനിതാകമ്മീഷൻ ഇടപെട്ടില്ല. ഇതിനെതിരെ അതി ശക്തമായ ജനവികാരം രൂപപ്പെട്ടുവരണം. വടക്കേ ഇന്ത്യയിലെ ചെറിയ സംഭവങ്ങളിൽപോലും അതിശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന കേരളത്തിലെ ബുദ്ധിജീവിസമൂഹം ഇക്കാര്യത്തിൽ മൗനം ദിക്ഷിക്കുന്നത് ശരിയല്ലെന്നും ജയകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് പി. ജി. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വിജയലക്ഷ്മി, അൻസു അജിത്, പൃഥ്വിരാജ്, പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.